'നമ്മുടെ മോനെ ഒന്ന് കണ്ണു തുറന്ന് നോക്കൂ ശരത്തേട്ടാ..' ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലുണ്ടായ കുഞ്ഞിനെ കാണാതെ ശരത്ത് പോയി, വീൽചെയറിൽ അലമുറയിട്ട് കരഞ്ഞ് പ്രിയതമ

Wednesday 27 July 2022 9:33 AM IST

തൃശൂർ: മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിലുണ്ടായ കുഞ്ഞിനെ ഒരു നോക്ക് കാണാതെ മരവിച്ചു കിടക്കുകയാണ് അച്ഛൻ. 'നമ്മുടെ മോനെ ഒന്നു കണ്ണു തുറന്ന് നോക്കൂ ശരത്തേട്ടാ...' എന്ന് അലമുറയിടുകയാണ് അമ്മ. ഇതൊന്നുമറിയാതെ ഉറക്കത്തിലാണ് ആ പിഞ്ചോമന... കരച്ചിലൊതുക്കാനാകാതെ ചുറ്റും കൂടി നിൽക്കുകയാണ് ബന്ധുക്കളും ആശുപത്രിയിലെ മറ്റുള്ളവരും.

കുന്നംകുളം മങ്ങാട് റോഡിൽ നിർമ്മാണത്തിലിരിക്കുന്ന മെറ്റലിട്ട വഴിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചു മരിച്ച വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ശരത്തിന്റെ (30) മൃതദേഹം, ഭാര്യയെ കാണിക്കാൻ ഇന്നലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു തോരാത്ത കണ്ണീർമഴ. വിവാഹശേഷം ആദ്യ കൺമണിയെ കാണാൻ കൊതിയോടെ കാത്തിരിപ്പിലായിരുന്നു ഇരുവരും.

പക്ഷേ, തിങ്കളാഴ്ച ഉച്ചയ്ക്ക് സിസേറിയനിലൂടെ ആൺകുട്ടി പിറന്നുവെന്ന വാർത്ത കേൾക്കാൻ ശരത്ത് ഉണ്ടായിരുന്നില്ല. തലേന്ന് രാത്രി ഒന്നരയ്ക്ക് വെട്ടിക്കടവ് പള്ളിക്കു സമീപമായിരുന്നു അപകടം. ഭാര്യ നമിതയെ പ്രസവത്തിനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലർച്ചെ ഭാര്യയുടെ അടുത്തെത്താനുള്ള ഒരുക്കം കഴിഞ്ഞ് കിടന്നതായിരുന്നു ശരത്ത്. രാത്രി ഒന്നരയോടെ കൂട്ടുകാരന്റെ വിളിവന്നു. ബൈക്കിന്റെ പെട്രോൾ തീർന്ന് കുന്നംകുളം അഞ്ഞൂരിൽ വഴിയിലായ അവനെ സഹായിക്കാൻ മറ്റൊരു സുഹൃത്തുമായി അപ്പോൾത്തന്നെ പുറപ്പെട്ടു. ആ യാത്രയ്ക്കിടെയായിരുന്നു അപകടം. മതിലിൽ ഇടിച്ചുവീണ ശരത്തിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്ത് ചൂൽപ്പുറത്ത് അനുരാഗ് (19) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

പ്രസവ ശസ്ത്രക്രിയാമുറിയിൽ നിന്ന് തിങ്കളാഴ്ച വൈകിട്ടും നമിതയെ പുറത്തെത്തിച്ചിരുന്നില്ല. ഇന്നലെ രാവിലെയാണ് പ്രിയതമൻ പോയ വിവരം അറിയിച്ചത്. പഴഞ്ഞി ചിറയ്ക്കൽ സെന്ററിൽ മൊബൈൽ ഫോൺ കട നടത്തുകയാണ് ശരത്ത്. ബി.ജെ.പിയുടെ സേവനപ്രവർത്തനങ്ങളിലും താലൂക്ക് ആശുപത്രിയിലെ പൊതിച്ചോർ വിതരണത്തിലും സജീവമായിരുന്നു. പിതാവ്: ബാലകൃഷ്ണൻ. അമ്മ: ഷീല. സഹോദരി: ശരണ്യ. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇന്നലെ പാമ്പാടി ഐവർമഠത്തിൽ മൃതദേഹം സംസ്‌കരിച്ചു.

Advertisement
Advertisement