കേരളത്തിലെ ഏതു പൂരത്തിന് ഇദ്ദേഹം എത്തിയാലും കമ്മിറ്റിക്കാർ ആനയിച്ചു കൊണ്ടുപോകും, ജീവിതത്തിലെ കുഞ്ചാക്കോ ബോബൻ ദാ ഇവിടെയുണ്ട്

Wednesday 27 July 2022 3:38 PM IST

കൊച്ചി:കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമായെത്തുന്ന 'ന്നാ താൻ കേസുകൊട്' എന്ന ചിത്രത്തിലെ ദേവദൂതർ പാടി ഗാനത്തിനൊപ്പം അദ്ദേഹം ചുവടുവയ്ക്കുന്നതു കണ്ടപ്പോൾ മനസിലേക്ക് പെട്ടന്ന് ഓടിയെത്തിയത് പൂരപറമ്പുകളിലെ ടൈറ്റസേട്ടന്റെ ചടുലമായ ചുവടുകളായിരുന്നു. ഇക്കഴിഞ്ഞ തൃശൂർ പൂരം കവർ ചെയ്യാൻ പോയപ്പോൾ വീണ്ടും ടൈറ്റസേട്ടന്റെ മാസ്മരികമായ ഭാവങ്ങളും ചലനങ്ങളും കാമറയിൽ പകർത്തുകയും ചെയ്തിരുന്നു.

തൃശൂർ സ്വദേശിയും എക്സൈസ് ജീവനക്കാരനുമായ ടൈറ്റസേട്ടൻ മദ്ധ്യകേരളത്തിലെ ഉത്സവ പറമ്പുകളിൽ സർവതും മറന്ന് ചുറ്റുപാടുകൾ മറന്ന് ചെണ്ട മേളത്തിന്റെ ആസുര താളം ആസ്വദിച്ച് മതിമറക്കുന്ന ദൃശ്യങ്ങൾ എന്റെ കാമറയ്ക്കുമുന്നിലും വിസ്മയം തീർത്തിട്ടുണ്ട്. അദ്ദഹം പോലും അറിഞ്ഞിരുന്നില്ല എന്റെ കാമറകൾ മിന്നിമറയുന്നത്. ഉത്സവ പ്രിയർക്ക് ഗജരാജൻമാരെയും മേള പ്രമാണിമാരെയും പോലെ തന്നെയാണ് ടൈറ്റസേട്ടന്റെ സാന്നിദ്ധ്യവും.

മേളപെരുക്കം തുടങ്ങും മുമ്പ് ഒരു ബാഗും തൂക്കി സൗമ്യനായി എത്തുന്ന അദ്ദേഹത്തെ കമ്മിറ്റി ഓഫീസിലേക്ക് ആനയിച്ച് കൊണ്ടുപോകുന്ന കാഴ്ചയും മേള പ്രമാണിമാരും ആസ്വാദകരും ഓടി എത്തി സൗഹൃദം പങ്കുവയ്ക്കുന്ന കാഴ്ചയും കണാൻ കഴിഞ്ഞിട്ടുണ്ട്.

ടൈറ്റസേട്ടൻ മദ്യപാനിയല്ല മേളമാണ് അദ്ദേഹത്തിന്റെ ലഹരി

ദേവദൂതർ പാടി എന്ന ഗാനവും കുഞ്ചാക്കോബോബന്റെ നൃത്തചുവടുകളും ഇപ്പോൾ കേരളക്കരയാകെ തരംഗമായി മാറിയിരിക്കുകയാണ്.

1985ൽ മമ്മൂട്ടിയും സരിതയും പ്രധാനകഥാപാത്രങ്ങളായി എത്തിയ ഭരതന്റെ കാതോട് കാതോരത്തിലെ സൂപ്പർ ഹിറ്റ്‌ ഗാനമാണ് 'ദേവദൂതർ പാടി. കുഞ്ചാക്കോ ബോബന്റെ ഈ നൃത്ത ചുവടുകൾ പുറത്തുവന്നതോടെ ടൈറ്റസേട്ടനും കാതോട് കാതോരവും സംഗീതസംവിധായകൻ ഒൗസേപ്പച്ചനും ദേവദൂതരും ഒരിക്കൽകൂടി മലയാളികളുടെ മനസിലേക്ക് ചേക്കേറുകയാണ്.