കടൽപ്പായൽ ഉത്പാദനത്തിൽ ഇന്ത്യയ്ക്ക് വിപുലമായ സാദ്ധ്യതകൾ

Thursday 28 July 2022 12:54 AM IST

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യയിൽ 34,000 ടൺ കടൽപായൽ ഉത്പാദിപ്പിച്ചതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). രാജ്യത്തെ 342 സ്ഥലങ്ങൾ കടൽപ്പായൽ കൃഷിക്ക് അനുയോജ്യമാണെന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ പറഞ്ഞു.

പരമ്പരാഗതമല്ലാത്ത ജലകൃഷിരീതികളെക്കുറിച്ചുള്ള ദേശീയ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ 24,167 ഹെക്ടറിൽ പ്രതിവർഷം 97 ലക്ഷം ടൺ കടൽപ്പായൽ ഉത്പാദനം സാദ്ധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ കടൽപ്പായൽ ഉത്പാദനത്തിൽ ഇന്ത്യ പിന്നിലാണ്. 2022ൽ ഇതുവരെ 350 ലക്ഷം ടണ്ണാണ് ആഗോള ഉത്പാദനം. 2025ൽ പ്രതിവർഷം 11.42 ലക്ഷം ടണ്ണാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

കൂടുകൃഷിയോടൊപ്പം കടൽപ്പായലും കൃഷി ചെയ്യാവുന്ന സി.എം.എഫ്.ആർ.ഐ വികസിപ്പിച്ച സാങ്കേതികവിദ്യയായ ഇംറ്റ വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അന്തരീക്ഷത്തിൽ കാർബൺ വാതകങ്ങളുടെ അളവ് നിയന്ത്രിക്കാനും കടൽപ്പായൽ കൃഷിയിലൂടെ സാധിക്കും. നിലവിലെ കാലിത്തീറ്റകൾക്ക് പകരമായി കടൽപ്പായൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

അക്വാഅഗ്രോ പ്രോസസിംഗ് മാനേജിംഗ് ഡയറക്ടർ അഭിരാം സേത്ത്, ആസ്‌ട്രേലിയയിലെ അക്വാകൾച്ചർ ശാസ്ത്രജ്ഞൻ ഡോ. ബ്രയൻ റോബർട്‌സ്, ദുബായ് അക്വേറിയം ക്യൂററ്റോറിയൽ സൂപ്പർവൈസർ അരുൺ അലോഷ്യസ്, ഡോ. പി. ലക്ഷ്മിലത, ഡോ.വി.വി.ആർ സുരേഷ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement