സജി ചെറിയാനെതിരായ ഹർജി: പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ല, ഹൈക്കോടതി റിപ്പോർട്ട് തേടി

Wednesday 27 July 2022 10:27 PM IST

കൊച്ചി: ഭരണഘടനയെ അധിക്ഷേപിച്ച മുൻമന്ത്രി സജി ചെറിയാനെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി. ഇത്തരത്തിൽ അയോഗ്യത കല്പിക്കുന്ന നിയമവ്യവസ്ഥ ഏതാണെന്നും ആരാഞ്ഞു. ഈ നിയമ വിഷയത്തിൽ തിങ്കളാഴ്‌ച റിപ്പോർട്ട് സമർപ്പിക്കാൻ അഡ്വക്കേറ്റ് ജനറലിനോട് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.

ജനപ്രാതിനിദ്ധ്യ നിയമപ്രകാരം എം.എൽ.എയ്ക്ക് അയോഗ്യത കല്പിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കാനാണ് നിർദ്ദേശം. മലപ്പുറം സ്വദേശി ബിജു പി. ചെറുമൻ, ബഹുജൻ ദ്രാവിഡ പാർട്ടി നേതാവ് വയലാർ രാജീവൻ എന്നിവർ നൽകിയ ഹർജികൾ ആഗസ്റ്റ് രണ്ടിന് വീണ്ടും പരിഗണിക്കും.

സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പേരിൽ എം.എൽ.എയെ അയോഗ്യനാക്കാൻ ജനപ്രാതിനിദ്ധ്യ നിയമത്തിലോ തിരഞ്ഞെടുപ്പ് ചട്ടത്തിലോ വ്യവസ്ഥയുണ്ടെങ്കിൽ വിശദീകരിക്കാൻ ഹർജിക്കാരോടും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവുകളുണ്ടെങ്കിൽ ഹാജരാക്കാനും നിർദ്ദേശിച്ചു. ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും ആ നിലയ്ക്ക് അദ്ദേഹത്തിന് എം.എൽ.എ സ്ഥാനത്ത് തുടരാനാവില്ലെന്നുമാണ് ഹർജിക്കാരുടെ വാദം.

Advertisement
Advertisement