കെ റെയിലിന് ബദൽ ആവശ്യപ്പെട്ട് കേരള ബി.ജെ.പി നേതാക്കൾ റെയിൽവേ മന്ത്രിയെ കണ്ടു

Thursday 28 July 2022 1:31 AM IST
കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ കേരള നേതാക്കൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവുമായി കൂടിക്കാഴ്‌ച നടത്തുന്നു

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിക്ക് ബദൽ മാർഗം കണ്ടെത്തണമെന്നും വിഷയത്തിൽ കേരള എം.പിമാരുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ സംസ്ഥാന ബി.ജെ.പി നേതാക്കൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ടു. നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ചതിൽ സംസ്ഥാനത്തിനുളള ആശങ്ക റെയിൽവേ മന്ത്രിയെ അറിയിച്ചെന്നും അനുകൂല ഉത്തരവിനുളള ഉറപ്പ് ലഭിച്ചതായും വി.മുരളീധരൻ അറിയിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്‌ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി.വി.രാജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

കെ റെയിൽ പദ്ധതി കുടിയൊഴിപ്പിക്കൽ,​പാരിസ്ഥിതിക നാശം,​സാമ്പത്തിക ബാധ്യത എന്നിവ സൃഷ്ടിക്കുമെന്നതിനാൽ ബദൽ അതിവേഗ ട്രെയിൻ സർവീസുകൾക്ക് കേന്ദ്ര ഇടപെടൽ വേണം.

തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ സമഗ്രവികസനം, തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനുളള പദ്ധതി വേഗത്തിലാക്കൽ എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനവും നേതാക്കൾ മന്ത്രിക്ക് നൽകി.

Advertisement
Advertisement