തലസ്ഥാന ഡി.വൈ.എഫ്.ഐയിൽ ഫണ്ട് തട്ടിപ്പ് വിവാദം

Friday 29 July 2022 12:50 AM IST

തിരുവനന്തപുരം: സി.പി.എം പയ്യന്നൂർ ഏരിയാകമ്മിറ്റിയിലേതിന് സമാനമായി തലസ്ഥാന ജില്ലയിലെ ഡി.വൈ.എഫ്.ഐയിലും ഫണ്ട് തട്ടിപ്പ് വിവാദം. അന്തരിച്ച എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി. ബിജുവിന്റെ സ്മരണാർത്ഥമുള്ള റെഡ് കെയർ മന്ദിരത്തിനായി സമാഹരിച്ച രണ്ടര ലക്ഷം രൂപ തട്ടിച്ചെന്നാണ് ആരോപണം. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിനെതിരെ സി.പി.എം ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്കും ഡി.വൈ.എഫ്.ഐ നേതൃത്വത്തിനും പരാതി ലഭിച്ചെന്നാണ് വിവരം. എന്നാൽ ഇത് വ്യാജമാണെന്നും പരാതി ലഭിച്ചിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വം വിശദീകരിച്ചു.

റെഡ് കെയർ മന്ദിര നിർമാണത്തിനായി എല്ലാ ബ്ലോക്ക് കമ്മിറ്റികൾക്കും ഡി.വൈ.എഫ്.ഐ ക്വാട്ട നൽകിയിരുന്നു. പാളയം ബ്ലോക്ക് കമ്മിറ്റി റെഡ് കെയർ മന്ദിരത്തിന് പുറമേ ആംബുലൻസും വാങ്ങാൻ തീരുമാനിച്ചതിന്റെ ഭാഗമായി പിരിച്ച തുക ബ്ലോക്ക് കമ്മിറ്റിയുടെ അക്കൗണ്ടിലടയ്ക്കാതെ നേതൃത്വം നൽകിയവർ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം. പരാതി ലഭിച്ചതോടെ സി.പി.എം പാളയം ഏരിയാ ഫ്രാക്‌ഷൻ കമ്മിറ്റി വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ഇതിന് തൊട്ടുമുമ്പായി ഒന്നര ലക്ഷം രൂപ തിരിച്ചടച്ചു. ബാക്കി സമ്മേളന നടത്തിപ്പിന് ചെലവായെന്നാണ് വിശദീകരണം. തട്ടിപ്പുകാരെ സംരക്ഷിക്കാൻ ചില ഡി.വൈ.എഫ്.ഐ നേതാക്കൾ ശ്രമിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

 വാർത്ത വ്യാജം: ഡി.വൈ.എഫ്.ഐ

ഫണ്ട് തട്ടിപ്പ് വാർത്ത വ്യാജമാണെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജു ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. ഇല്ലാത്ത തട്ടിപ്പിന്റെ കണക്കുകൾ എങ്ങനെ വിശദീകരിക്കാനാണ്? മന്ദിരനിർമാണത്തിന് പൊതുജനങ്ങളിൽ നിന്ന് പൈസ പിരിച്ചിട്ടില്ല. ജില്ലയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഒരു ദിവസം മാറ്റിവച്ച് തൊഴിൽ ചെയ്തും കായികാദ്ധ്വാനത്തിലൂടെയും ചലഞ്ചിലൂടെ സാധനങ്ങൾ വിറ്റഴിച്ചും പുസ്തകം വിറ്റും ലഭിച്ച വരുമാനമാണ് ഓർമ്മമന്ദിരം നിർമ്മിക്കാനുപയോഗിക്കുന്നത്. ഓരോ ബ്ലോക്ക് കമ്മിറ്റി പിരിച്ച തുകയുടെയും ജില്ലാകമ്മിറ്റിയുടെ തുകയുടെയും കണക്കുകൾ കൃത്യമായി സംഘടനയുടെ പക്കലുണ്ട്. അത് കൃത്യസമയത്ത് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തുമെന്നും ഷിജുഖാൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി. അനൂപും പങ്കെടുത്തു.

Advertisement
Advertisement