24 കോടി പ്രളയഫണ്ട് തട്ടിപ്പ് ഇരുട്ടിലായി , വർഷം 4 കഴിഞ്ഞിട്ടും കൃത്യമായ കണക്കോ പരിഹാരമോ ഇല്ല

Friday 29 July 2022 12:52 AM IST

തൃക്കാക്കര: എറണാകുളം കളക്ടറേറ്റിൽ നടന്ന ഇരുപത്തിനാലായിരത്തോളം കോടി രൂപയുടെ പ്രളയഫണ്ട് തട്ടിപ്പ് നാലു വർഷം പിന്നിട്ടിട്ടും തുടർ നടപടികളോ തിരുത്തലുകളോ ഉണ്ടാവാതെ ഇരുട്ടിലാവുന്നു. സർക്കാർ സംവിധാനങ്ങളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്ത കേസിൽ, നഷ്ടപ്പെട്ട തുകയുടെ കൃത്യമായ കണക്കെടുക്കാനോ അത് തിരിച്ചുപിടിക്കാനോ സർക്കാരോ റവന്യുവകുപ്പോ ഇതുവരെ തയ്യാറായിട്ടി​ല്ല.

തട്ടിപ്പു സംബന്ധിച്ച് അന്നത്തെ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ഡോ. എ. കൗശിഗൻ നൽകിയ റിപ്പോർട്ടിലെ കണ്ടെത്തലുകളും ശുപാർശകളും സർക്കാർ അടച്ചുവച്ചു.

2018ലെ പ്രളയത്തി​ന് ഇരയായ ജി​ല്ലയി​ലെ 1,06,799 ഗുണഭോക്താക്കൾക്ക് 413,01,45,400 രൂപയാണ് വിതരണം ചെയ്തത്. പ്രളയദുരിതാശ്വാസ വിതരണത്തിന് രൂപീകരിച്ച പരിഹാരം സെക്ഷനിലെ ക്ളാർക്ക് വി​ഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പണാപഹരണത്തിൽ സി.പി.എം പ്രാദേശിക നേതാക്കൾ ഉൾപ്പടെ ഏഴുപേർ അറസ്റ്റിലാവുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചു.

പ്രളയം തീരെ ബാധിക്കാത്ത തൃക്കാക്കരയി​ലെ ചിലരുടെ അക്കൗണ്ടുകളി​ലേക്ക് നഷ്ടപരിഹാരം എത്തിയതിനെത്തുടർന്നുള്ള സംശയങ്ങളാണ് വെട്ടിപ്പ് വെളിച്ചത്താകാൻ കാരണമായത്.

 കുറ്റപത്രത്തിൽ 67 ലക്ഷം, റിപ്പോർട്ടി​ൽ 24 കോടി !

2020 ആഗസ്റ്റ് 24ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തി​ൽ നഷ്ടം 67.78 ലക്ഷമാണ്. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ഡോ. എ. കൗശിഗൻ 2020 ജൂൺ 2ന് സർക്കാരിന് നൽകിയ റിപ്പോർട്ടി​ൽ നഷ്ടം 24കോടി വരെയാകാമെന്നാണ് ചൂണ്ടിക്കാട്ടിയത്.

 പ്രതികൾ

സെക്ഷൻ ക്ളാർക്ക് വിഷ്ണുപ്രസാദാണ് ഒന്നാം പ്രതി. അക്കൗണ്ടിലേക്ക് പണം ലഭിച്ച മഹേഷ്, മഹേഷിന്റെ ഭാര്യ എം.എം. നീതു, സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്ന എം.എം. അൻവർ, ഭാര്യയും അയ്യനാട് ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന കൗലത്ത്, എൻ.എൻ. നിതിൻ, ഭാര്യ ഷിന്റു എന്നിവരാണ് മറ്റു പ്രതികൾ.


 1500 പേജ്, 24 ശുപാർശകൾ

നഷ്ടം തിരിച്ചുപിടിക്കാനും ആവർത്തിക്കാതിരിക്കാനും 24 ശുപാർശകളുള്ള കൗശി​ഗൻ റിപ്പോർട്ട് സർക്കാരി​ന്റെ പക്കൽ ഉറങ്ങുകയാണ്. കളക്ടറേറ്റ് ജീവനക്കാരുടെയും നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) പരിശോധനാ വിഭാഗത്തിന്റെയും പിഴവുകളും ട്രഷറിയിലേതുൾപ്പെടെയുള്ള അപാകതകളും അക്കമിട്ടുനിരത്തുന്ന റിപ്പോർട്ട് 1500 പേജുണ്ട്.

-പ്രധാന ശുപാർശകൾ-

 ഗുണഭോക്തൃലിസ്റ്റ് പരസ്യപ്പെടുത്തണം. സോഫ്റ്റ്‌വെയറിൽ ആധാർ, റേഷൻകാർഡ്, മൊബൈൽനമ്പർ ഉൾപ്പെടുത്തണം

 ഒന്നാംപ്രതി വിഷ്ണുപ്രസാദ് കൂടുതൽ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണം

 ലിസ്റ്റിൽ ഉൾപ്പെടാത്ത 6811 അക്കൗണ്ട് നമ്പരുകളിലൂടെ 24,44,12,200 രൂപ വിതരണം ചെയ്തത് എങ്ങനെയെന്ന് കണ്ടെത്തണം.

 ട്രഷറിയിൽനിന്ന് നൽകുന്ന നഷ്ടപരിഹാരം എന്തെങ്കിലും കാരണവശാൽ ഗുണഭോക്താവിന്റെ അക്കൗണ്ടിൽനിന്ന് മടങ്ങിയാൽ തുക ജില്ലാ കളക്ടറുടെ പ്രത്യേക അക്കൗണ്ടിലേക്ക് വരാൻ സംവിധാനംവേണം

 തട്ടി​പ്പിന്റെ വഴി​

നാശത്തി​ന്റെ തോതനുസരി​ച്ച് അഞ്ച് സ്ളാബുകളി​ലായി​രുന്നു നഷ്ടപരി​ഹാരം. തുക കുറഞ്ഞുപോയ 33,310 പേരുടെ അപ്പീലുകളിൽ 30,135 എണ്ണം അനുവദിച്ചു. ഇവരി​ൽ 265 പേരി​ൽനി​ന്ന് ആദ്യം അനുവദി​ച്ച തുക പണമായി​ തി​രി​കെവാങ്ങി​യ 1,16,08,100 രൂപയി​ൽനി​ന്ന് ഒന്നാംപ്രതി​ വി​ഷ്ണുപ്രസാദ് 67,78,100രൂപ സ്വന്തമാക്കി​. ബാക്കിതുക ട്രഷറി​യി​ലടച്ചു. സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് 9,65,000 രൂപ വകമാറ്റി

 കളക്ടറുടെ ട്രഷറി​ അക്കൗണ്ടി​ൽ നി​ന്ന് കൂട്ടുപ്രതി​കളുടെ കാക്കനാട് അയ്യനാട് സഹകരണബാങ്കി​ലെ അക്കൗണ്ടുകളി​ലേക്ക് പണം മാറ്റി​.

 ഒരേ അക്കൗണ്ടുകളി​ലേക്ക് നി​രവധിതവണ തുകനൽകി​. 2753 അക്കൗണ്ട് നമ്പറുകളി​ലേക്ക് ഇങ്ങനെ 14,94,41,500രൂപ മാറ്റി​.

 ഗുണഭോക്തൃ പട്ടികയിൽ ഇല്ലാത്ത 288 അക്കൗണ്ടുകളിലേക്ക് രണ്ടു പ്രാവശ്യംവീതം 3,89,27,500രൂപ നൽകി

അക്കൗണ്ട് നമ്പറുകൾ തെറ്റി​ച്ച് രേഖപ്പെടുത്തി​യതിനാൽ 844 പേർക്ക് ധനസഹായം ലഭി​ച്ചി​ല്ല.

Advertisement
Advertisement