നടിയെ ആക്രമിച്ച കേസിന്റെ വിചാരണ: പങ്കെടുക്കാൻ അനുമതി തേടി അതിജീവിത

Friday 29 July 2022 12:53 AM IST

കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണയിൽ പ്രോസിക്യൂഷന് പുറമേ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ അപേക്ഷ നൽകി.

അഭിഭാഷക മുഖേന ഹാജരാകാനുള്ള അനുമതിയാണ് തേടിയത്. അന്വേഷണസംഘം സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞയാഴ്ച അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ തുടരന്വേഷണ റിപ്പോർട്ട് വിചാരണക്കോടതിക്ക് കൈമാറിയതിന് പിന്നാലെയാണ് അതിജീവിത അപേക്ഷയുമായി എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയെ സമീപിച്ചത്. ഇത്തരം കേസിന്റെ വിചാരണ നടപടികളിൽ സജീവമായി പങ്കെടുക്കാൻ ഇരകൾക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അപേക്ഷ കോടതി അനുവദിച്ചാൽ കേസിൽ സർക്കാർ നിയോഗിച്ച സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. അജകുമാറിനു പുറമേ അതിജീവിതയുടെ അഭിഭാഷകയും ഹാജരാകും. തുടർനടപടികളിലും പങ്കാളിയാവും. കേസിന്റെ അന്വേഷണഘട്ടം മുതൽ വിചാരണ പൂർത്തിയാകുന്നതു വരെയും, തുടർന്ന് അപ്പീലും റിവിഷനുമുണ്ടായാൽ ആ നടപടിക്രമങ്ങളിലും ഇരകൾക്ക് പങ്കാളിയാകാൻ കഴിയുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. കേസ് ആഗസ്റ്റ് ആറിന് വീണ്ടും പരിഗണിക്കുമ്പോൾ, അപേക്ഷയിൽ കോടതി തീരുമാനമെടുത്തേക്കും.