കർക്കടക വാവ് ബലിതർപ്പണം: ഗ്രീൻ പ്രോട്ടോക്കോൾ വെറുതെയായി

Friday 29 July 2022 12:20 AM IST

ആലുവ: കർക്കടകവാവ് ബലിതർപ്പണം ഹരിത പ്രോട്ടോക്കോൾ പ്രകാരമായിരിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും പതിവുപോലെ ഇക്കുറിയും ജലരേഖയായി. മണപ്പുറത്തും പരിസരത്തുമെല്ലാം പ്ളാസ്റ്റിക്ക് കവറുകൾ ഉൾപ്പെടെ കുമിഞ്ഞുകൂടി കിടക്കുകയാണ്. ദേവസ്വം ബോർഡിന്റെ സ്ഥലത്ത് കച്ചവടം നടത്തിയവർ പോലും പ്ളാസ്റ്റിക്ക് കവറുകൾ ഉപയോഗിച്ചു. വഴിയോര കച്ചവടക്കാരും പ്ളാസ്റ്റിക്ക് കവറുകളാണ് ഉപയോഗിച്ചത്. നഗരസഭയോ ജില്ലാ ഭരണകൂടമോ ഹരിത പ്രോട്ടോക്കോൾ പ്രകാരം പരിശോധനയ്ക്ക് പോലും എത്തിയില്ല.

വാഹനങ്ങൾ

ചെളിയിൽ

പുതഞ്ഞു

ആലുവ: ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവും കർക്കടകവാവ് ബലിതർപ്പണത്തിന് സൗകര്യങ്ങളൊരുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വാഹനങ്ങളിലെത്തിയവർ ദുരിതത്തിലായി. വടക്കേ മണപ്പുറത്ത് പാർക്കിംഗിന് സ്ഥലമുണ്ടെങ്കിലും ഇവിടെയെത്തിയ വാഹനങ്ങളെല്ലാം ചെളിയിൽ പുതഞ്ഞു. ബുധനാഴ്ച്ച വൈകിട്ടോടെ ആരംഭിച്ച മഴ മണിക്കൂറുകൾ നീണ്ടുനിന്നതും നഗരസഭ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതിരുന്നതുമാണ് വിനയായത്. ചെളിയിൽ പുതഞ്ഞ പല വാഹനങ്ങളും നാട്ടുകാരുടെ സൗകര്യത്തോടെയാണ് റോഡിലേക്ക് കയറ്റിയത്. ഇന്നലെ മഴ മാറി നിന്നത് അനുഗ്രഹമായി.

വഴിയോര കച്ചവടക്കാരിൽ നിന്നും പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ ഉദ്യോഗസ്ഥർ കൊണ്ടുപോയി

ശിവരാത്രി കച്ചവടത്തിനെത്തിയവർ മദ്യലഹരിയിൽ ഏറ്റുമുട്ടി ഒരാൾ കൊല്ലപ്പെട്ടതിന്റെ പേരിൽ കാർക്കടവാവ് നാളിൽ നഗരസഭ വഴിയോര കച്ചവടം തടഞ്ഞു. ഇതിന്റെ പേരിൽ കച്ചവടക്കാരിൽ നിന്നും പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ നഗരസഭ ഉദ്യോഗസ്ഥർ വീതം വച്ചെടുത്തതായും. പാലസ് റോഡിൽ അദ്വൈതാശ്രമത്തിന് മുമ്പിലെ കച്ചവടക്കാരെയാണ് ബുധനാഴ്ച്ച ഉച്ചക്കെത്തി ഒഴിപ്പിച്ചത്. പ്ളാസ്റ്റിക്ക് ഷീറ്റ് ഇട്ട് മൂടിയിട്ടിരുന്ന ചിലരുടെ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. സംഭവമറിഞ്ഞെത്തിയവർ നഗരസഭയുമായി ബന്ധപ്പെട്ടെങ്കിലും ഭക്ഷ്യവസ്തുക്കൾ മടക്കി നൽകിയില്ല. കേസെടുക്കുകയും പിഴ ചുമത്തുകയോ ചെയ്യാതെ പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ ഉദ്യോഗസ്ഥർ വീതം വച്ചെന്നാണ് ആക്ഷേപം. അതേസമയം ബുധനാഴ്ച്ച ഒഴിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ വഴിയോര കച്ചവടക്കാർ സജീവമായി ഉണ്ടായി.

Advertisement
Advertisement