പത്രാധിപരുടെ പ്രിയപ്പെട്ട പ്രഭ വക്കീൽ യാത്രയായി

Friday 29 July 2022 12:00 AM IST
അഡ്വ.വി.വിപ്രഭ

കോട്ടയം: പത്രാധിപർ കെ. സുകുമാരന്റെ സ്നേഹപരിലാളനങ്ങളേറ്റു വാങ്ങി കേരളകൗമുദിയെ എന്നും നെഞ്ചോട് ചേർത്തുപിടിച്ചിരുന്ന മുതിർന്ന അഭിഭാഷകൻ കോട്ടയം ചെല്ലിയൊഴുക്കം പുതുപ്പറമ്പിൽ അ‌ഡ്വ. വി.വി. പ്രഭ (85) യാത്രയായി. ചേർത്തല വേലിയകത്ത് കുടുംബാംഗമാണ്. ഭാര്യ ചേർത്തല കളയാഴത്ത് പരേതയായ ഡോ. ജി. ലളിതമ്മ (റിട്ട.ജില്ലാ ആയുർവ്വേദ മെഡി. ഓഫീസർ). അഡ്വ. ഹരിപ്രഭ, ശ്രീപ്രഭ (എം.ജി സർവ്വകലാശാല) എന്നിവർ മക്കളും ലതാ സദാനന്ദൻ (കൊല്ലം എസ്.എൻ.കോളേജ്), എ.കെ. സുമേഷ് കുമാർ (പുഞ്ച സ്പെഷ്യൽ ഓഫീസർ) എന്നിവർ മരുമക്കളുമാണ്. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനമായ ശാന്തിധാമിൽ നടക്കും.

തെറ്റായ തീരുമാനങ്ങളിലൂടെ എസ്.എൻ.ഡി.പി യോഗനേതൃത്വം വഴിതെറ്റുന്നുവെന്ന് തോന്നിയപ്പോൾ തിരുത്തൽ ശക്തിയായി യുവാക്കളുടേതായ മുന്നേറ്റ നിര വേണമെന്ന് ആഗ്രഹിച്ച പത്രാധിപരുടെ അനുഗ്രഹാശിസുകളോടെ തുടക്കമിട്ട ശ്രീനാരായണ യൂത്ത്മൂവ്മെന്റിന്റെ ആദ്യ സംസ്ഥാന സാരഥികളിലൊരാൾ അഡ്വ. പ്രഭയായിരുന്നു.

പത്രാധിപരോടുള്ള ആദരവ് പ്രകടിപ്പിക്കാൻ പത്ര തറവാടായ കോട്ടയത്ത് പ്രതിമ സ്ഥാപിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാനായിരുന്നു പ്രഭ. ഒരു പത്രത്തിന്റെ അഭ്യുദയകാംക്ഷികൾ ചേർന്ന് പത്രാധിപരുടെ പ്രതിമ നിർമ്മിച്ച സംഭവവും ലോകത്തു തന്നെ ആദ്യമാകാം. സമയബന്ധിതമായി പ്രതിമ പൂർത്തിയാക്കി കോടിമത പത്രാധിപർ സ്ക്വയറിൽ സ്ഥാപിച്ചപ്പോഴും സ്വന്തമായി ചെലവാക്കിയ തുകയുടെ കണക്കുപോലും പ്രഭ വെളിപ്പെടുത്തിയില്ല.

എം.കെ. രാഘവൻ നിയമ മന്ത്രിയായിരുന്ന കാലത്ത് അഡിഷണൽ ഗവൺമെന്റ് പ്ലീഡറായി നിയമിതനായ വി.വി. പ്രഭ 10 വർഷം ആ സ്ഥാനത്ത് തുടർന്നു. പത്രാധിപരാണ് അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചത്.

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ്, കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ്, സഹൃദയവേദി പ്രസിഡന്റ്, കോട്ടയം ഡി.സി.സിയിൽ വിവിധ പദവികൾ തുടങ്ങിയവ വഹിച്ചു. ജോസഫ് ആൻഡ് പൗലൂസ് അസോസിയേറ്റ്സിൽ സി. പൗലൂസിന്റെ ജൂനിയറായി പ്രവർത്തനം തുടങ്ങി കുറഞ്ഞ കാലത്തിനുള്ളിൽ മികച്ച അഭിഭാഷകൻ എന്ന പേരു സമ്പാദിക്കാനായി. രണ്ടു വർഷം മുമ്പ് നടന്ന, അഭിഭാഷക വൃത്തിയുടെ അരനൂറ്റാണ്ട് ആഘോഷച്ചടങ്ങിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ, ജസ്റ്റിസ് കെ.ടി. തോമസ് തുടങ്ങിയവർ സംബന്ധിച്ചിരുന്നു.

Advertisement
Advertisement