ദേശീയപാതയിൽ എലിവേറ്റഡ് ഹൈവേയ്ക്ക് പകരം ഫ്ലൈ ഓവർ

Friday 29 July 2022 1:36 AM IST

കൊല്ലം: ദേശീയപാത 66 ൽ എലിവേ​റ്റഡ് ഹൈവേയ്ക്ക് പകരം ഫ്ലൈ ഓവർ നിർമ്മിക്കാനുള്ള സാദ്ധ്യത പരിശോധിക്കാൻ ദേശീയപാത അതോറിട്ടി. ചവറ, കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലാണ് ഭിത്തി കെട്ടി മണ്ണിട്ടുയർത്തുന്ന പാലത്തിന് പകരമായി ഫ്ലൈ ഓവർ സാദ്ധ്യത പരിശോധിക്കുന്നത്.

എം.പിമാരുമായി നടത്തിയ ചർച്ചയിൽ കേന്ദ്ര മന്ത്റി നിതിൻ ഗഡ്ഗരി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് പുനഃപരിശോധന നടത്താൻ ദേശീയപാത അതോറിട്ടി തയ്യാറായത്. നിലവിലെ സാഹചര്യത്തിൽ എലിവേറ്റഡ് ഹൈവേ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. തുടർന്ന് പ്രദേശവാസികൾക്കുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങളും പ്രതിഷേധങ്ങളും പുനപരിശോധനാ നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടി. യാത്രാസൗകര്യം ഉറപ്പാക്കാൻ ആവശ്യത്തിന് ക്രോസിംഗുകൾ ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഭരണ നടപടികൾ അതിവേഗം

ദേശീയപാത 744 വികസനത്തിനായുള്ള ഭരണ നടപടികൾ പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിടാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ധാരണാപത്രം ഒപ്പിട്ടാൽ പ്രവൃത്തികൾ തുടങ്ങും. കൊല്ലം അഞ്ചാലുമൂട് - തേനി ദേശീയപാത 183, ചവറ ടൈ​റ്റാനിയം ജംഗ്ഷൻ- ഭരണിക്കാവ് ദേശീയപാത 183 എ എന്നിവയുടെ വികസനത്തിന് അലൈൻമെന്റ് നടപടികൾ പുരോഗമിക്കുകയാണെന്നും ഒഴിപ്പിക്കൽ പരമാവധി കുറയ്ക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

പരിഗണിക്കുന്ന മറ്റ് കാര്യങ്ങൾ

1. കരുനാഗപ്പള്ളി കു​റ്റിവട്ടം ജംഗ്ഷനിൽ ദേശീയപാതയ്ക്ക് കിഴക്കും പടിഞ്ഞാറും റോഡുകളെ ബന്ധിപ്പിച്ച് അടിപ്പാതയും ബസ് സ്​റ്റോപ്പും

2. കുണ്ടറ പള്ളിമുക്ക്, കിളികൊല്ലൂർ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം സേതുഭാരതം പദ്ധതിയിൽ ഏ​റ്റെടുക്കണമെന്ന് നിർദ്ദേശം

3. ദേശീയപാത വീതി കൂട്ടുമ്പോൾ നടയ്ക്കാവ് മദ്റസ ശ്മശാനത്തിന് സംരക്ഷണം ഉറപ്പാക്കുക

4. ചടയമംഗലം കുരിയോട് ഭദ്റകാളി ക്ഷേത്രവും അനുബന്ധ സൗകര്യങ്ങളുടെയും സംരക്ഷണം

5. ശക്തികുളങ്ങര ക്ഷേത്രത്തിലെ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ റോഡ് വികസനം

6. മങ്ങാട് ശങ്കരനാരായണ മൂർത്തി ക്ഷേത്രത്തിന് സമീപം അപകടങ്ങൾ ഒഴിവാക്കാൻ അടിപ്പാത

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ദേശീയപാത വികസനത്തിന് അനുകൂലമായ നിലപാടാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി സ്വീകരിച്ചത്. പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കി വികസനം സാദ്ധ്യമാക്കും.

എൻ.കെ. പ്രേമചന്ദ്രൻ എം.പി

Advertisement
Advertisement