മായം, കരിഞ്ചന്ത പെരുകുന്നു: പരാതിക്കാർ അറിയാതെ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ

Saturday 30 July 2022 12:00 AM IST

തിരുവനന്തപുരം: കൊട്ടി ഘോഷിച്ച് രൂപീകരിച്ചിട്ട് നാല് വർഷം. ആകെ ലഭിച്ചത് 95 പരാതികൾ. സർക്കാർ ഇതിനകം ചെലവിട്ടത് അരക്കോടി രൂപ. സംസ്ഥാന ഭക്ഷ്യ കമ്മിഷനാണ് ഭക്ഷ്യ വസ്തുക്കളിലെ മായം അനുദിനം പെരുകുമ്പോഴും, പരാതി നൽകാൻ

ആളില്ലാതെ അലങ്കാര വസ്തുവായി മാറിയത്.

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിലെ കുറവുകളും പോരായ്മകളും പരിഹരിക്കാനായി രൂപീകരിക്കപ്പെട്ട കമ്മിഷനിൽ ചെയർമാൻ ഉൾപ്പെടെ ആറംഗങ്ങൾ, മെമ്പർ സെക്രട്ടറി എന്നിവരുടെ ശമ്പള, ഓണറേറിയം ഇനങ്ങളിൽ മാത്രമായി 45.78 ലക്ഷം രൂപ ചെലവായെന്ന് കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ വച്ച കണക്കുകൾ വ്യക്തമാക്കുന്നു. നാല് ലക്ഷം രൂപ വാഹനബത്ത ഇനത്തിലും ചെലവായി.

95 പരാതികൾ ലഭിച്ചതിൽ തീർപ്പാക്കിയത് 78 എണ്ണം. ദേശീയ ഭക്ഷ്യ ഭദ്രതാനിയമം നടപ്പാക്കുന്നതിന്റെ സമഗ്ര മേൽനോട്ടവും വിലയിരുത്തലുമാണ് കമ്മിഷന്റെ മുഖ്യ ദൗത്യം. 2018 ഡിസംബറിലാണ് കമ്മിഷൻ രൂപീകരിച്ചത്. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.വി. മോഹൻകുമാറാണ് ചെയർമാൻ. 2019 ജൂൺ 25 മുതലാണ് കമ്മിഷൻ പൂർണ്ണ

തോതിൽ പ്രവർത്തനമാരംഭിച്ചത്.

നാല് വർഷത്തിനിടെ 95 പരാതികൾ മാത്രം കമ്മിഷന് ലഭിക്കാനിടയായത്, കമ്മിഷനെക്കുറിച്ച് ജനങ്ങൾക്ക് മതിയായ അറിവ് പകരാത്തതിനാലാണെന്ന് ആക്ഷേപമുണ്ട്. കാസർകോട് ജില്ലയിൽ നിന്ന് ഒരു പരാതി പോലും ലഭിച്ചില്ല. കണ്ണൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് ഓരോ പരാതി വീതം. ഭക്ഷ്യസാധനങ്ങളുടെ കരിഞ്ചന്തയും,മായവും അടക്കമുള്ള ആശങ്കകൾ പെരുകുമ്പോഴാണ് അതൊക്കെ കൈകാര്യം ചെയ്യാൻ നിയുക്തമായ കമ്മിഷൻ ജനങ്ങൾക്കിടയിലെത്താതിരിക്കുന്നത്.

മുഖ്യ വിവരാവകാശ കമ്മിഷന് തുല്യമാണ് ഭക്ഷ്യകമ്മിഷൻ അദ്ധ്യക്ഷന്റെ പദവി. തിരുവനന്തപുരം പട്ടത്ത് ലീഗൽ മെട്രോളജി ആസ്ഥാനത്താണ് പ്രവർത്തനം.

അധികാരങ്ങൾ

■ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ, പരാതികളിൽ കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതികളോട് നിർദ്ദേശിക്കൽ.

■പൊതുവിതരണത്തിൽ ഇടപെടൽ, കരിഞ്ചന്ത തടയൽ.

■ജില്ലകളിൽ നിന്നുള്ള അപ്പീൽ അപേക്ഷകൾ പരിഗണിക്കൽ.

മറ്റ് ജില്ലകളിലെ

പരാതികൾ

തിരുവനന്തപുരം- 19, കൊല്ലം, ആലപ്പുഴ- 5 വീതം, ഇടുക്കി- 3, എറണാകുളം- 4, തൃശൂർ- 18, പാലക്കാട്- 14, മലപ്പുറം- 10, കോഴിക്കോട്- 8, വയനാട്- 6.

Advertisement
Advertisement