ന്യായവില കുറച്ചുള്ള രജിസ്ട്രേഷൻ: നഷ്ടപരിഹാരം നൽകേണ്ടത് വസ്തുവിന്റെ പുതിയ ഉടമ

Saturday 30 July 2022 12:50 AM IST

തിരുവനന്തപുരം: ആധാര രജിട്രേഷനിൽ ന്യായവില കുറച്ചു കാണിച്ചാൽ നഷ്ടപരിഹാരം വസ്‌തുവിന്റെ പുതിയ ഉടമയിൽ നിന്ന് ഈടാക്കും. റവന്യൂ നഷ്ടമുണ്ടാക്കിയ ജീവനക്കാരുടെ പേരിൽ അച്ചടക്ക നടപടിയും സ്വീകരിക്കും. ആഗസ്റ്റ് ഒന്ന് മുതൽ പുതിയ സംവിധാനം നിലവിൽ വരും.

രജിസ്ട്രേഷൻ വകുപ്പിന്റെ ആഭ്യന്തര ഓഡിറ്റ് മാന്വലിലാണ് നിർദ്ദേശമുള്ളത്. മുമ്പ്, ഉത്തരവാദിയായ ഉദ്യോഗസ്ഥനിൽ നിന്ന് തുക ഈടാക്കണമെന്നായിരുന്നു വ്യവസ്ഥ. സർക്കാരിനുണ്ടാകുന്ന നഷ്‌ടം ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് ഈടാക്കുന്നതിന് രജിസ്‌ട്രേഷൻ ആക്ടിലും കേരള മുദ്രപത്ര ആക്ടിലും വരുത്തിയ ഭേദഗതിയനുസരിച്ചുള്ള നടപടിക്രമങ്ങൾ മാന്വലിൽ വിവരിച്ചിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ആധാരം രജിസ്റ്റർ ചെയ്ത് 10 വർഷത്തിനകവും, രജിസ്‌ട്രേഷൻ ഫീസ് മൂന്ന് വർഷത്തിനകവും ഈടാക്കും. വകുപ്പിലെ ഓഡിറ്റ് ഓൺലൈനാക്കാനുള്ള നടപടികളും പരിഗണനയിലാണ്.

മുദ്രവിലയും ഫീസും

ഉറപ്പാക്കണം

2010 ഏപ്രിൽ മുതൽ നിലവിൽ വന്ന ന്യായവില ബാധകമായ ആധാരങ്ങൾ രജിസ്റ്രർ ചെയ്യുമ്പോൾ ന്യായവില അനുസരിച്ച് ആധാരത്തിന് മുദ്രവിലയും ഫീസും ഈടാക്കിയിട്ടുണ്ടെന്ന് രജിസ്റ്ററിംഗ് ഉദ്യോഗസ്ഥൻ ഉറപ്പാക്കണം. വസ്തുവിന്റെ ന്യായവിലയും ക്ളാസിഫിക്കേഷനും ആധാരത്തിലുണ്ടോയെന്നും അത് ന്യായവില രജിസ്റ്റർ / ഉത്തരവ് പ്രകാരം ശരിയാണോയെന്നും ഓഡിറ്റിംഗിൽ പരിശോധിക്കണം. ന്യായവിലയിൽ കുറഞ്ഞ വിലയ്‌ക്കാണോ ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും പരിശോധിക്കണം. തയ്യാറാക്കി ഒപ്പിട്ട ആധാരം പിഴയില്ലാതെ രജിസ്ട്രേഷനായി നാല് മാസത്തിനകം ഹാജരാക്കണം. അല്ലാത്ത പക്ഷം, മതിയായ പിഴ ഈടാക്കിയാണോ രജിസ്റ്റട്രേഷൻ ചെയ്തതെന്ന് പരിശോധിക്കണം.