ഇത്തരം നെഗറ്റീവ് പബ്ലിസിറ്റി ഞങ്ങൾക്ക് ലാഭമാണ്; ലക്‌നൗ സംഭവത്തിൽ പ്രതികരണവുമായി എം എ യൂസഫലി

Saturday 30 July 2022 3:33 PM IST

കൊച്ചി: ഓരോ രാജ്യത്തിനും പ്രശ്‌നങ്ങളും പ്രസ്നങ്ങളില്ലായ്മയും ഉണ്ടെന്നും നിയമാനുസൃതമായി കച്ചവടം നടത്തുക എന്നതാണ് പ്രധാനമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ഞാന്‍ നല്ല ഒരു ഷോപ്പിംഗ് മാള്‍ കെട്ടിപ്പൊക്കി. ആദ്യത്തെ ദിവസം ഒരാള്‍ വന്ന് നന്നായിട്ടുണ്ടെന്ന് പറയും. അയാൾ ഒരു തവണകൂടി പറയും. പിന്നെ അയാൾ വരില്ലായിരിക്കും. ഭംഗിയിലല്ല കാര്യം അതിനുള്ളിലെ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്നു എന്നതിലാണ്. നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരണം. ഒരു കച്ചവടക്കാരന് എല്ലാവരുമായിട്ടും ബന്ധം വേണം. ഒരുപാട് നിയമങ്ങള്‍ ഞങ്ങള്‍ ഇടപെട്ട് മാറ്റപ്പെട്ടിട്ടുണ്ട്. ഒരു സുപ്രഭാതം കൊണ്ട് ഒന്നും മാറ്റാന്‍ പറ്റില്ല. ലക്നൗ മാളിലെ പ്രശ്നങ്ങള്‍ എന്നത് ജനങ്ങളെ ബാധിക്കുന്നില്ല. അത് മാദ്ധ്യമങ്ങള്‍ ആണ് വാര്‍ത്തയാക്കുന്നത്. ഇത്തരം നെഗറ്റീവ് പബ്ലിസിറ്റി ഞങ്ങള്‍ക്ക് ലാഭമാണ്. ഇത്തരം പ്രശ്നങ്ങളെ ശാന്തമായി നേരിടണം. ഞാന്‍ തന്നെ ഒരു ബ്രാന്‍ഡ് അംബാസഡറാണ്. റിട്ടയര്‍മെന്റ് ഇല്ല. മൈ റിട്ടയര്‍മെന്റ് ഈസ് ടു കബര്‍.'- യൂസഫലി വ്യക്തമാക്കുന്നു.

അതേസമയം, ലുലു മാളിൽ നമസ്‌കരിച്ച കേസിൽ അറസ്റ്റിലായ ആറുപേർക്ക് ലക്‌നൗ എസിജെഎം കോടതി ജാമ്യം അനുവദിച്ചു. ഈ മാസം 12നായിരുന്നു ഒരു സംഘം ആളുകൾ മാളിൽ നമസ്‌കരിച്ചെന്നു കാണിച്ച് ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പിന്നാലെ, മാൾ അധികൃതർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.