മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടയിലെ സുരക്ഷാവീഴ്‌ച: എസ്‌ എച്ച് ഒയെ സ്ഥലംമാറ്റി

Saturday 30 July 2022 5:23 PM IST

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചി യാത്രക്കിടെ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില്‍ നടപടിയുമായി പൊലീസ്. കാക്കനാട് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി യാത്രക്കിടെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എത്തിയത്. മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ഇയാൾ ചാടിയതോടെ കാർ നിർത്തുകയായിരുന്നു. കരിങ്കൊടിയുമായി ചാടിയ പ്രവർത്തകൻ മുഖ്യമന്ത്രിയുടെ കാറിലെ ചില്ലിൽ പലവട്ടം കൈ കൊണ്ട് ഇടിക്കുകയും ചെയ്‌തിരുന്നു.

സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന എളമക്കര സ്റ്റേഷനിലെ എസ്.എച്ച്.ഒ. ജി. സാബുവിനെ സ്ഥലം മാറ്റിയിരിക്കുകയാണ്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്താണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

വാടാനപ്പള്ളി സ്റ്റേഷനിലേക്കാണ് സാബുവിന് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്. വാടാനപ്പള്ളി എസ്.എച്ച്.ഒ സനീഷിനെ എളമക്കര എസ്.എച്ച്.ഒ ആയി നിയമിക്കുകയും ചെയ്‌തു. സുരക്ഷാ വീഴ്ച വരുത്തിയതിനാലാണ് സ്ഥലംമാറ്റമെന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല. സാധാരണ നിലയിലുള്ള സ്ഥലംമാറ്റം എന്നാണ് ഉത്തരവിൽ കാണിച്ചിരിക്കുന്നത്.