കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ, ഭാരോദ്വഹനത്തിൽ ഗുരുരാജ വെങ്കലം സ്വന്തമാക്കി

Saturday 30 July 2022 7:28 PM IST

ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ രണ്ടാം മെഡല്‍ സ്വന്തമാക്കി. പുരുഷന്മാരുടെ 61 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി ഇന്ത്യക്കായി വെങ്കലം നേടി. 269 കിലോ ഭാരമാണ് ഗുരുരാജ മത്സരത്തിൽ ആകെ ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 118 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 151 കിലോയും ആണ് ഗുരുരാജ ഉയർത്തിയത്. മലേഷ്യയുടെ അസ്‌നില്‍ ബിന്‍ ബിഡിന്‍ മുഹമ്മദ് സ്വര്‍ണവും പാപ്പുവ ന്യൂ ഗിനിയയുടെ മൊറിയ ബാരു വെള്ളിയും നേടി.

നേരത്തെ പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ പരിക്കിനോട് പടവെട്ടി സങ്കേത് സാഗർ ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കിയിരുന്നു. സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 135 കിലോയും ഉൾപ്പെടെ 248 കിലോ ഭാരം ഉയര്‍ത്തിയ സാങ്കേത് വെള്ളി മെഡൽ സ്വന്തമാക്കി. പരിക്ക് വലച്ചില്ലായിരുന്നെങ്കില്‍ സങ്കേത് സ്വര്‍ണം സ്വന്തമാക്കുമായിരുന്നു. ആകെ 249 കിലോ ഉയര്‍ത്തി ഗെയിംസ് റെക്കോര്‍ഡോടെ മലേഷ്യയുടെ ബിബ് അനീഖ് ആണ് സ്വര്‍ണം കരസ്ഥമാക്കിയത്.