അൽപം മൂത്രം മതി, വെള്ളമടിച്ച് പിടിച്ചാൽ പരിശോധനയ‌്ക്കായി പൊലീസ് ഇനി നേരെ ആശുപത്രിയിൽ കൊണ്ടുപോകില്ല

Sunday 31 July 2022 12:05 PM IST

കോലഞ്ചേരി: 'ലഹരിമരുന്നടിക്കാരെ' കെണി​യി​ലാക്കാൻ ഡ്രഗ് സ്‌ക്രീൻ ടെസ്​റ്റ് ഉപകരണങ്ങൾ പൊലീസ് സ്റ്റേഷനുകളിലെത്തി. മൂന്നു തുള്ളി​ മൂത്രം ടെസ്റ്റ് കി​റ്റി​ന്റെ പാഡി​ൽ ഇറ്റി​ച്ചാൽ അഞ്ച് മി​നി​റ്റി​നുള്ളി​ൽ ഫലമറി​യാം. 24 മണി​ക്കൂറി​നുള്ളി​ൽ എം.ഡി.എം.എ, കഞ്ചാവ് തുടങ്ങി 17 തരം ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുള്ളവർ കുടുങ്ങും.

ചൈനയി​ലെ അബോൺ ബയോഫാം കമ്പനിയുടേതാണ് ടെസ്റ്റിംഗ് കി​റ്റ്. റൂറൽ ജില്ലയിലെ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ടെസ്​റ്റ് ഡിവൈസ് വീതം നൽകി​യി​ട്ടുണ്ട്. മദ്യത്തിനുപകരം വീര്യമുള്ള മ​റ്റു ലഹരി മരുന്നുകൾ ഉപയോഗിച്ചാൽ കുടുങ്ങില്ലെന്ന ധാരണ ഇതോടെ പൊളിയും. മദ്യഇതര ലഹരി മരുന്നുകളുടെ വരവും ഉപയോഗവും വർദ്ധിച്ചതോടെയാണ് പൊലീസിന്റെ പുതിയ നീക്കം.

ഡ്രഗ് സ്‌ക്രീൻ ടെസ്​റ്റ് പോസി​റ്റീവായാൽ പ്രതി​ക്കെതി​രെ കേസെടുക്കം. ആശുപത്രി​യി​ൽ മെഡി​ക്കൽ പരി​ശോധനയും രക്ത, മൂത്ര പരി​ശോധനയും നടത്തും. ഈ രേഖകളാണ് തെളി​വായി​ ഹാജരാക്കുക. ഡ്രഗ് സ്‌ക്രീൻ ടെസ്​റ്റ് ഹാജരാക്കി​ല്ല.

പൊലീസിന്റെ നടപടി​ക്രമങ്ങൾ അനായാസമാക്കുന്നതിനാണ് കി​റ്റ് ഉപയോഗി​ക്കുക. സ്റ്റേഷനി​ൽ പ്രതി​കളെ കൊണ്ടുവന്ന് കി​റ്റ് ഉപയോഗിച്ച് പരി​ശോധി​ച്ച് ഉറപ്പാക്കി​യശേഷം മെഡി​ക്കൽ പരി​ശോധനയ്ക്ക് വിധേയമാക്കിയാൽ മതിയാകും.