വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം; ഭർത്തൃവീട്ടിൽ 18കാരി തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 18കാരിയായ അൽക്കയാണ് ആത്മഹത്യ ചെയ്തത്. കന്നൂരിലെ വീട്ടിലെ കിടപ്പുമുറിയിൽ ജനൽക്കമ്പിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
സംഭവം നടക്കുന്ന സമയം വീട്ടിൽ അൽക്ക ഒറ്റയ്ക്കായിരുന്നു. ഭർത്താവ് പ്രജീഷ് പുറത്തുപോയിരുന്നു. പ്രജീഷിന്റെ അച്ഛനും അമ്മയും ജോലിയ്ക്ക് പോയിരുന്നു. പ്രജീഷിന്റെ അച്ഛൻ ഉച്ചഭക്ഷണത്തിന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയനിലയിൽ കണ്ടതിനെത്തുടർന്ന് അയൽവാസികളുടെ സഹായത്തോടെ തള്ളിത്തുറന്നപ്പോഴാണ് അൽക്കയെ മരിച്ച നിലയിൽ കണ്ടത്. രണ്ട് മാസം മുമ്പാണ് അൽക്കയും പ്രജീഷും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു.
അത്തോളി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ഛന്‍: സുരേഷ് ബാബു, അമ്മ: മിനി, സഹോദരന്‍: അജില്‍ബാബു.