പമ്പയിലെ സ്റ്റോക്ക് രജിസ്റ്റർ മുക്കിയ സംഭവം, പാറ തിരിമറി മറയ്ക്കാനോ..? ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി

Monday 01 August 2022 12:00 AM IST

തിരുവനന്തപുരം: പമ്പയിലെ മരാമത്ത് ജോലികളുടെ സ്റ്റോക്ക് രജിസ്റ്റർ വർഷങ്ങളോളം മുക്കിയത് അവിടത്തെ ശർക്കര ഗോഡൗൺ പൊളിച്ചപ്പോൾ ലഭിച്ച 240 ക്യുബിക് മീറ്റർ പാറ തിരിമറി നടത്തിയത് മറയ്ക്കാനെന്ന സംശയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി. പമ്പയിൽ കൂട്ടിയിട്ടിരുന്ന പാറ 2018ലെ പ്രളയത്തിൽ ഒലിച്ചുപോയെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴി. എന്നാൽ, ഇത് വിജിലൻസ് വിശ്വാസത്തിലെടുത്തിട്ടില്ല.

2015 മേയിലാണ് ശർക്കര ഗോഡൗൺ പൊളിച്ചത്. ഇക്കാര്യം രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ പാറ എന്തുചെയ്തുവെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതുസംബന്ധിച്ച് ചിലർ വിവരാവകാശ നിയമപ്രകരം ചോദിച്ചപ്പോഴാണ് 2016 മുതൽ സ്റ്റോക്ക് രജിസ്റ്റർ കാണാതായെന്ന വിവരം പുറത്തുവന്നത്.

സംഗതി വിവാദമായതോടെ ഇക്കഴിഞ്ഞ ഏപ്രിലിൽ വിജിലൻസ് വിഭാഗത്തെ അന്വേഷണത്തിന് ബോർഡ് ചുമതലപ്പെടുത്തി. തുടർന്ന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ രജിസ്റ്റർ കാണാതായതിലടക്കം അന്ന് പമ്പയിലെ അസി. എൻജിനിയറായിരുന്ന വിജയ മോഹനെതിരെ വകുപ്പുതല നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തു. പിന്നീട് അവിടെ അസി. എൻജിനിയറായിരുന്ന ഹരികൃഷ്ണന്റെ പക്കൽ രജിസ്റ്റർ ഉണ്ടെന്ന വിവരം വിജിലൻസിന് ലഭിച്ചു. അന്വേഷണത്തിൽ ഇത് ഇപ്പോഴത്തെ അസി. എൻജിനിയർ ഗോപന് കൈമാറിയിട്ടില്ലെന്നും കണ്ടെത്തി.

ഉദ്യോഗസ്ഥർ എന്തിന് രജിസ്റ്റർ അനധികൃതമായി കൈവശം വച്ചിരുന്നു എന്നടക്കമുള്ള അന്വേഷണമാണ് വിജിലൻസ് നടത്തുന്നത്. അതിനിടെയാണ് പാറ തിരിമറി നടത്തിയോ എന്ന സംശയവും ഉയർന്നുവന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് വിജിലൻസ് വിഭാഗം നടത്തുന്നത്.

സ്‌റ്റോക്ക് രജിസ്റ്റർ കാണാതായ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാകും. വീഴ്ച വരുത്തിയ എൻജിനിയർമാരോട് വിശദീകരണം തേടിയിട്ടുണ്ട്.

-കെ. അനന്തഗോപൻ
പ്രസിഡന്റ്‌, തിരു.ദേവസ്വം ബോർഡ്