നടൻ ബാബുരാജ് വാഴപ്പിള്ളി അന്തരിച്ചു

Monday 01 August 2022 12:20 AM IST

കോഴിക്കോട്: സിനിമ, സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പിള്ളി (59) അന്തരിച്ചു. ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയായിരുന്നു അന്ത്യം. തൃശൂർ വാഴപ്പള്ളി സ്വദേശിയായ ബാബുരാജും കുടുംബവും ഏറെക്കാലമായി കോഴിക്കോട് കൊടുവള്ളി മാനിപുരം കുറ്റൂരുചാലിലാണ് താമസം.

തൃശൂരിൽ നാടകരംഗത്ത് സജീവമായാണ് തുടക്കം. അഭിനയം, തിരക്കഥാ രചന, കലാസംവിധാനം, നാടക സംവിധാനം, ലൈറ്റ് ഡിസൈനിംഗ് തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിച്ചു. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, സി.ഐ.എ, അർച്ചന 31 നോട്ട് ഔട്ട്, മാസ്റ്റർപീസ്, ബ്രേക്കിംഗ് ന്യൂസ്, മനോഹരം, തുടങ്ങി നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. കായംകുളം കൊച്ചുണ്ണി, മിന്നുകെട്ട്, നന്ദനം, തച്ചോളി ഒതേനൻ, ഹരിചന്ദനം, കുഞ്ഞാലി മരക്കാർ തുടങ്ങിയ ടി.വി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: സന്ധ്യ ബാബുരാജ് (നാടക പ്രവർത്തക), മകൻ: ബിഷാൽ. സംസ്‌കാരം മാങ്കാവ് പൊതുശ്മശാനത്തിൽ നടന്നു.