സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Monday 01 August 2022 6:35 AM IST

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.

തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാകും ഇന്ന് മഴ കനക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാടും കാസർകോടും മാത്രമാണ് ഇന്ന് അലർട്ടില്ലാത്തത്.

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുമെന്നതിനാൽ ചെറു മിന്നൽ പ്രളയമുണ്ടാകാമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവരെ ഉടൻ ക്യാമ്പുകളിലേക്ക് മാറ്റണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. മഴ കടുത്തതോടെ തിരുവനന്തപുരത്ത് നെയ്യാർ, കോട്ടൂർ, പേപ്പാറ, പൊന്മുടി, കല്ലാർ, മങ്കയം എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിരിക്കുകയാണ്.