തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ സി ഐ ടി യു പ്രവർത്തകർ ബസ് തടയുന്നു, ഉദ്ഘാടനം ജീവനക്കാരോടുള്ള വെല്ലുവിളിയെന്ന് യൂണിയൻ
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നു. തിരുവനന്തപുരത്തെ കെ.എസ്.ആർ.ടി.സി സിറ്റി ഡിപ്പോയിൽ സി.ഐ.ടി.യു പ്രവർത്തകർ ബസ് തടയുകയാണ്. നിലവിൽ സിറ്റി സർക്കുലർ സർവീസിന്റെ റൂട്ടുകളിൽ ഇന്ന് മുതൽ സ്വിഫ്‌റ്റിന്റെ ഇലക്ട്രിക് ബസുകൾ ഇറങ്ങുന്നതിനെതിരെയാണ് യൂണിയന്റെ പ്രതിഷേധം.
സ്വിഫ്റ്റ് ബസ് എടുക്കാൻ വന്ന ഡ്രെെവറെ പുറത്തിറക്കാൻ യൂണിയൻ പ്രവർത്തകർ ശ്രമിച്ചു. ഇലക്ട്രിക് ബസ് സ്വിഫ്റ്റിന് കൈമാറാനുള്ള മാനേജ്‌മെന്റിന്റെ നീക്കമാണ് യൂണിയനുകളെ പ്രകോപിപ്പിച്ചത്. കെ.എസ്.ആർ.ടി സിയിൽ ജൂൺ മാസത്തെ ശമ്പളം ഇനിയും കൊടുത്തു തീർത്തിട്ടില്ല. ഇതും യൂണിയനുകളെ സമരത്തിലേക്ക് നീങ്ങുവാൻ പ്രേരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ട്രേഡ് യൂണിയനുമായി കെ.എസ്. ആർ.ടി.സി എം.ഡി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഹ്രസ്വദൂര സർവീസുകളിലേക്കുള്ള സ്വിഫ്റ്റ് കമ്പനിയുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്നാണ് യൂണിയനുകൾ പറയുന്നത്. സ്വിഫ്റ്റ് നഷ്ടത്തിലാണെന്നും യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി. ശമ്പളം മുടങ്ങി പ്രതിസന്ധിയിൽ നിൽക്കുന്ന ജീവനക്കാരോടുള്ള വെല്ലുവിളിയാണ് ഇന്നത്തെ ഉദ്ഘാടനമെന്നും യൂണിയൻ കൂട്ടിച്ചേർത്തു.
സിറ്റി സർക്കുലറിലെ എട്ടാമത്തെ സർക്കിളായ എയർ റെയിൽ സിറ്റി സർക്കിളായാണ് ഇലക്ട്രിക് ബസുകൾ സർവീസ് ഇന്ന് തുടങ്ങുന്നത്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ വച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ളാഗ്ഓഫ് ചെയ്യും. ഇതിനോടൊപ്പം ബാക്കി സർക്കിളുകളിലും ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കും.
യാത്രക്കാർ കുറവുള്ള ബ്ലൂ സർക്കളിൽ നാല് ബസുകളും, ബാക്കി സർവ്വീസുകളിൽ രണ്ട് ഇലക്ട്രിക് ബസുകളുമാണ് ആദ്യ ഘട്ടത്തിൽ സർവ്വീസ് നടത്തുക. ക്ലോക്ക് വൈസും ആന്റി ക്ലോക്ക് വൈസുമായി ഈ ബസുകൾ സർവീസ് നടത്തും. രണ്ട് ഇലക്ട്രിക് ബസുകൾ ചാർജിങ്ങിന് വേണ്ടി ഉപയോഗിക്കും. സർവ്വീസ് നടത്തുന്ന ബസുകളിൽ ചാർജ് തീരുന്ന മുറയ്ക്ക് ചാർജ് ചെയ്യുന്ന ബസുകൾ മാറ്റി നൽകും.