തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്‌സെന്ന് സ്ഥിരീകരണം, ഇന്ത്യയിലെ ആദ്യത്തെ മങ്കിപോക്‌‌സ് മരണം കേരളത്തിൽ

Monday 01 August 2022 1:48 PM IST

തൃശൂർ: തൃശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ചെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചതിന് പിന്നാലെയാണ് സ്ഥരീകരണമുണ്ടായത്. ഇന്ത്യയിലെ ആദ്യത്തെ മങ്കിപോക്‌‌സ് മരണമാണിത്. യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

യുവാവിന്റെ സമ്പർക്കപ്പട്ടികയിലുള്ള 15 പേരെ നേരത്തെ നിരീക്ഷണത്തിലാക്കിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാല് കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവർത്തകരും സമ്പർക്കപട്ടികയിലുണ്ട്. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാൻ പോയിരുന്നു.

രോഗം സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് തൃശൂരിലെ ആശുപത്രി അധികൃതർക്ക് ബന്ധുക്കൾ നൽകിയതെന്നും മന്ത്രി പറഞ്ഞു. 'ജൂലായ് 21ന് സംസ്ഥാനത്തെത്തിയ യുവാവ് 27നാണ് ആശുപത്രിയിൽ എത്തിയത്. അത്രയും നാൾ ഇയാൾ കുടുംബാഗങ്ങൾക്കൊപ്പമാണ് കഴിഞ്ഞത്. എന്തുകൊണ്ട് ആശുപത്രിയിലെത്താൻ വൈകിയെന്നതടക്കമുള്ള കാര്യങ്ങൾ ഉന്നതതല സംഘം അന്വേഷിക്കും. പകർച്ചവ്യാധി ആണെങ്കിലും മങ്കിപോക്സിന് വലിയ വ്യാപനശേഷി ഇല്ല. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക എന്നതാണ് പ്രധാനമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

Advertisement
Advertisement