അന്വേഷണം തുടങ്ങിയിട്ട് എട്ട് മാസം, ഇതുവരെയായും ഒരു തെളിവും ഇല്ല; കരുവന്നൂർ ബാങ്ക് അഴിമതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണ പുരോഗതി അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. കേസ് സി ബി ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ നടപടി. ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി എട്ട് മാസമായിട്ടും തട്ടിയെടുത്ത പണത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
കരുവന്നൂർ ബാങ്കിലെ മുൻ ജീവനക്കാരനും തൃശ്ശൂർ സ്വദേശിയുമായ എം വി സുരേഷാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 104 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്നും എന്നാൽ ഭരണകക്ഷിയിലെ നേതാക്കന്മാർ തന്നെ ഇടപ്പെട്ട് കേസ് അട്ടിമറിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി ബി ഐയെകൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
കഴിഞ്ഞ വർഷം ജൂലൈ 21 ന് ഇതേ ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. അന്ന് സി ബി ഐ അന്വേഷണത്തെ സർക്കാരും കരുവന്നൂർ ബാങ്കും ഒരുപോലെ എതിർത്തിരുന്നു. ക്രൈംബ്രാഞ്ച് ഫലപ്രദമായി കേസ് അന്വേഷണം നടത്തുന്നുണ്ടെന്ന് സർക്കാർ വാദിച്ചപ്പോൾ നിക്ഷേപർക്ക് പണം നഷ്ടപ്പെടില്ലെന്ന് ബാങ്കും കോടതിയെ അറിയിച്ചു. ഇന്ന് ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാറിന്‍റെ മറുപടി ലഭിക്കാനായി ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി.