 കാക്കനാട് എം.ഡി.എം.എ കേസ് ഉന്നത ഉദ്യോഗസ്ഥർക്കും 'ഗുരുതര' വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

Tuesday 02 August 2022 1:16 AM IST
കാക്കനാട് എം.ഡി.എം.എ കേസ്

 ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

കൊച്ചി: കാക്കനാട് എം.ഡി.എം.എ കേസ് അന്വേഷണത്തിൽ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥർക്കും ഗുരുതര വീഴ്ചയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. മുൻ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എൻ. അശോക് കുമാർ, എക്‌സൈസ് മുൻ അസിസ്റ്റന്റ് കമ്മിഷണർ ബാബു വർഗീസ് എന്നിവർക്കെതിരെയാണ് എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ജോയിന്റ് എക്‌സൈസ് കമ്മിഷണറുടെ റിപ്പോർട്ട്.

വകുപ്പുതല നടപടിക്ക് പുറമേ ഇരുവരുടെയും ഒരുവർഷത്തെ വാർഷിക ഇൻക്രിമെന്റ് ആറുമാസം തടഞ്ഞുവയ്ക്കാൻ നിർദ്ദേശമുണ്ട്.

84 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവതിയുൾപ്പെടെ ഏഴുപേർ പിടിയിലായ കേസിൽ രണ്ട് പ്രതികളെ ഒഴിവാക്കി കേസെടുത്തതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. അഡീഷണൽ എക്‌സൈസ് കമ്മിഷണർ നേരിട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ എറണാകുളം എക്സൈസ് ഇൻസ്‌പെക്ടർ എൻ. ശങ്കറിനെ സസ്‌പെൻഡ് ചെയ്യുകയും സി.ഐ ഉൾപ്പെടെ നാലുപേരെ ഉടനടി സ്ഥലം മാറ്റുകയും ചെയ്തിരുന്നു. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശ്രമം നടന്നുവെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് വകുപ്പുതല അന്വേഷണത്തിന് ശുപാർശ നൽകുകയായിരുന്നു.

ഗൗരവസ്വഭാവമുള്ള കേസിൽ മേൽനോട്ടം വഹിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നാണ് അശോക് കുമാറിനെതിരെയുള്ള കണ്ടെത്തൽ. പ്രധാനപ്പെട്ട കേസാണെന്ന് അറിഞ്ഞിട്ടും കീഴുദ്യോഗസ്ഥനായ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറെ ചുമതലപ്പെടുത്തി തുടർനടപടികളിൽ നിന്ന് വിട്ടുനിന്നതാണ് ബാബു വർഗീസിന് തിരിച്ചടിയായത്. കൊവിഡ് ലക്ഷങ്ങളുള്ളതിനാലാണ് നേരിട്ട് ഇടപെടാൻ കഴിയാതിരുന്നതെന്ന ഉദ്യോഗസ്ഥരുടെ വാദങ്ങൾ കേസിന്റെ ഗൗരവം കണക്കിലെടുത്ത് തള്ളുകയായിരുന്നു.

കേസിന്റെ തുടക്കം മുതൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതെന്നാണ് റിപ്പോർട്ടിലുണ്ട്. വ്യക്തിപരമായ കാരണമില്ലാതെ കേസിൽ നിന്ന് ഒഴിഞ്ഞു നിന്നെന്നാണ് കണ്ടെത്തൽ.രണ്ടു യുവതികൾ എം.ഡി.എം.എ ഒളിപ്പിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്നാണ് എക്‌സൈസിനെതിരെ ഉയർന്ന പ്രധാന ആരോപണം. കേസന്വേഷണം ഏറ്റെടുത്ത എക്‌സൈസ്, ക്രൈംബ്രാഞ്ച് ഒഴിവാക്കിയ യുവതിയെയുൾപ്പെടെ 25 പേരെ പ്രതിചേർത്ത് അടുത്തിടെയാണ് കുറ്റപത്രം സമർപ്പിച്ചത്.

Advertisement
Advertisement