അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു

Tuesday 02 August 2022 12:16 AM IST

പന്തളം : അതിശക്തമായ മഴ തുടരുന്നതിനാൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. കിഴക്കൻ വെള്ളത്തിന്റെ വരവും മഴ ശക്തിപ്പെട്ടതുമാണ് ജലനിരപ്പ് പെട്ടെന്ന് ഉയരാൻ കാരണം. എന്നാൽ അപകടകരമായ നിലയിലേക്ക് വെള്ളം എത്തിയിട്ടില്ല. ഞായറാഴ്ച രാത്രിയിൽ തുടങ്ങിയ മഴ പുലർച്ച വരെ നീണ്ടുനിന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും മഴയും ഉണ്ടായി. വരും ദിവസങ്ങളിൽ മഴ തുടരുകയാണെങ്കിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാദ്ധ്യതയുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫയർ ഫോഴ്‌സ് സംഘം പന്തളത്ത് പ്രളയ സാദ്ധ്യതാ പ്രദേശങ്ങൾ സന്ദർശിച്ചു. പത്തനംതിട്ട ജില്ലാ ഫയർ ഓഫീസർ പ്രതാപചന്ദ്രൻ, അടൂർ സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം സ്ഥിതി ഗതികൾ വിലയിരിത്തി. പന്തളത്ത് ആദ്യം വെള്ളം കയറുന്ന മുടിയുർക്കോണം, തോട്ടക്കോണം ചേരിക്കൽ, കടയ്ക്കട് ഭാഗത്തും അച്ചൻകോവിലാറിന്റെ തീരങ്ങളിലും മഴ തുടർന്നാൽ ആളുകളെ മാറ്റിപാർപ്പിക്കേണ്ടി വരും.

Advertisement
Advertisement