ഊർജിതം ജാഗ്രതാ മുന്നൊരുക്കം

Tuesday 02 August 2022 12:22 AM IST
റാന്നി പാലത്തിൽ നിന്നുള്ള പമ്പാനദി​യുടെ ദൃശ്യം

പത്തനംതിട്ട : ജില്ലയിൽ നാലു വരെ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജാഗ്രതാ മുന്നൊരുക്കങ്ങൾ ഊർജിതമാക്കി ജില്ലാ ഭരണകൂടം. അടുത്ത മൂന്ന് ദിവസങ്ങളിൽ കൃത്യമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും ഈ ദിവസങ്ങളിൽ എല്ലാ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും ജില്ലയിൽ തന്നെ തുടരണമെന്നും കളക്ടർ നിർദേശിച്ചിട്ടുണ്ട്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നവർക്ക് ആവശ്യമായ മരുന്നും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ക്വാറികളുടെ പ്രവർത്തനവും വിനോദസഞ്ചാര മേഖലകളിലേക്കുള്ള യാത്രകളും നിരോധിച്ചിട്ടുണ്ട്. മലയോരമേഖലയിലേക്ക് യാത്രാ നിയന്ത്രണവും ഏർപ്പെടുത്തി.
ഒറ്റപ്പെടാൻ സാദ്ധ്യതയുള്ള കോളനി നിവാസികൾക്ക് ആവശ്യമായ ഭക്ഷ്യപദാർത്ഥങ്ങളും മറ്റ് സഹായങ്ങളും സുരക്ഷയും ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. താലൂക്ക് തലത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെയും സന്നദ്ധ സേവകരുടെയും പ്രവർത്തനങ്ങൾ ഉറപ്പാക്കി. പ്രളയ സാദ്ധ്യത മുന്നിൽകണ്ട് ബോട്ടുകൾ, ജെ.സി.ബി തുടങ്ങിയ രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഉൾപ്പെടെ അപകടസ്ഥിതിയുള്ള മേഖലകളിൽ ഉള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണം.

മണ്ണിടിച്ചിൽ പോലെയുള്ള അപകടങ്ങൾ സംഭവിക്കാനിടയുള്ള സ്ഥലങ്ങളിൽ പൊലീസ് പ്രത്യേക ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ട്. റോഡരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ ഫയർഫോഴ്‌സുമായി ചേർന്ന് നടപടി സ്വീകരിക്കും. അപകടമേഖലകളിൽ നിന്ന് ജനങ്ങളെ അതിവേഗം മാറ്റി പാർപ്പിക്കുന്നതിന് പൊലീസ് സഹായം ഉറപ്പാക്കും. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്ന മുറയ്ക്ക് അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വനിതാ പൊലീസ് ഉൾപ്പെടെയുളളവരുടെ സേവനം ലഭ്യമാക്കും.

ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിരോധിച്ചു
അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാദ്ധ്യതകൾ ഒഴിവാക്കുന്നതിനായി നാലു വരെ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമറ്റുക, ആഴത്തിലുള്ള കുഴികൾ നിർമ്മിക്കുക, നിർമ്മാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവർത്തനങ്ങളും നിരോധിച്ചു.

റെഡ് അലർട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട : മഴ കനത്തതോടെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിൽ മഴ തുടരുന്നതിനാൽ ജാഗ്രതാ നിർദേശം നൽകി. റാന്നി, സീതത്തോട്, ചിറ്റാർ പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുകയാണ്. ജില്ലയിലെ അപകടസാദ്ധ്യതയുള്ള മേഖലകളിലുള്ളവർ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. റാന്നിയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മൂന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. റബർ, കപ്പ, ഏത്തവാഴ കൃഷികൾക്ക് വലിയ രീതിയിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട് .

നദിയും തോടുകളും നിറഞ്ഞു

മഴശക്തമായതോടെ ജില്ലയിലെ പ്രധാന നദികളിൽ ജലനിരപ്പുയർന്നു. നദികളുടെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാനിർദേശം നൽകി. രാവിലെ പുറമറ്റത്ത് റോഡിൽ നിന്ന് തോട്ടിലേക്ക് കാർ തെന്നി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. റാന്നി അത്തിക്കയത്ത് മദ്ധ്യവയസ്കനെ ആറ്റിൽ കാണാതായി. ആറൻമുള, ചെങ്ങന്നൂ‌ർ, തിരുവല്ല ഭാഗങ്ങളിലുള്ളവർ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. ഇവിടെ ആവശ്യമെങ്കിൽ ക്യാമ്പുകൾ തുടങ്ങാൻ തഹസീൽദാറുമാർക്ക് നിർദേശം നൽകി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പത്തനംതിട്ട : വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും.

Advertisement
Advertisement