അന്ത്യം ഇന്നലെ കോഴിക്കോട്ട്, സഹോദരനെ രക്ഷിക്കാൻ 47കോടി സമാഹരിച്ച അഫ്ര കണ്ണീരോർമ്മ

Tuesday 02 August 2022 1:52 AM IST

പഴയങ്ങാടി (കണ്ണൂർ): സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച കുഞ്ഞനുജന് ചികിത്സാ സഹായം അഭ്യർത്ഥിച്ച് 47.5 കോടി രൂപ സമാഹരിച്ച അഫ്ര (15) അതേ രോഗത്തിന് കീഴടങ്ങി. ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂർ മാട്ടൂൽ സെൻട്രൽ ഖുദ്രത്ത് റോഡിലെ റഫീഖിന്റെയും മറിയുമ്മയുടെയും മകളാണ്. മാട്ടൂൽ സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയായിരുന്നു.

കുഞ്ഞുനാളിൽ രോഗം ബാധിച്ച് വീൽചെയറിലായ അഫ്ര , സഹോദരൻ രണ്ടര വയസ്സുള്ള മുഹമ്മദിന് വേണ്ടി സോഷ്യൽ മീഡിയയിൽ നടത്തിയ സഹായാഭ്യർത്ഥന സുമനസ്സുകൾ ഏറ്റെടുത്തതോടെയാണ് നിരവധിപേരിൽ നിന്നായി പണം എത്തിയത്.

47.5 കോടിയിൽ 18 കോടി രൂപയ്ക്ക് അനുജന് കുത്തിവയ്പെടുത്തു. അട്രോഫി ബാധിച്ച ലക്ഷദ്വീപിലെ ഇസൽ മറിയത്തിന് 8.5 കോടിയും തളിപ്പറമ്പിലെ മുഹമ്മദ് കാസിമിന് 7 കോടി രൂപയും നൽകി. 80 ലക്ഷം രൂപ അഫ്രയുടെ ചികിത്സയ്ക്ക് ചെലവായി. ബാക്കി തുക കുടുംബം സർക്കാരിന് നൽകിയിരുന്നു.

അൻസിലയാണ് മറ്റൊരു സഹോദരി. കബറടക്കം ഇന്നലെ മാട്ടൂൽ സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി.