മഴയിൽ മുങ്ങി ജില്ലയിൽ റെഡ് അലെർട്ട്

Tuesday 02 August 2022 1:30 AM IST

നദികളിൽ ജലനിരപ്പ് ഉയർന്നു

 പരവൂർ പൊഴി തുറന്നു

 മത്സ്യബന്ധനത്തിന് നിരോധനം


കൊല്ലം: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വകുപ്പ് 3വരെ റെഡ് അലെർട്ട് പ്രഖ്യാപിച്ചതോടെ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം. മത്സ്യബന്ധനത്തിന് 4 വരെ നിരോധനം ഏർപ്പെടുത്തി.

മത്സ്യത്തൊഴിലാളികളെ തിരികെ കരയിലെത്തിക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, കോസ്​റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവയെ ചുമതലപ്പെടുത്തി. നദീതീരങ്ങളിലും പാലങ്ങളിലും വെള്ളച്ചാട്ടമുള്ള പ്രദേശങ്ങളിലും കൂട്ടംകൂടി നിൽക്കുന്നതും വിനോദങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കണം. കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായതോടെ കല്ലട, ഇത്തിക്കരയാറുകളിൽ ജലനിരപ്പ് ഉയർന്നു. അച്ചൻകോവിലാറിൽ ജലനിരപ്പുയർന്നെങ്കിലും അപകട നില കടന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ജലനിരപ്പുയർന്നതോടെ പരവൂർ പൊഴി തുറന്നു. ഒഴുക്ക് ശക്തമാണെങ്കിലും അപകടഭീഷണിയില്ല.

ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിപ്പിക്കാവുന്ന കെട്ടിടങ്ങൾ വില്ലേജ് ഓഫീസർമാർ സജ്ജമാക്കി. എല്ലാ വിധത്തിലുമുള്ള ഖനന പ്രവർത്തനങ്ങളും കുഴിയെടുപ്പ്, മണ്ണെടുപ്പ് എന്നിവയും മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിറുത്തിവയ്ക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

സ്വീകരിക്കേണ്ട നടപടികൾ

1. സാമൂഹ്യ - പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കണം

2. താലൂക്ക് തലത്തിൽ എമർജൻസി മെഡിക്കൽ ടീം

3. എല്ലാ താലൂക്കിലേക്കുമുള്ള ഭക്ഷ്യവസ്തുക്കൾ ജില്ലാ സപ്ലൈ ഓഫീസർ ഉറപ്പാക്കണം

4. വൈകിട്ട് 7 മുതൽ രാവിലെ 7വരെ മലയോര മേഖലയിൽ ഗതാഗത നിയന്ത്റണം

5. ജനങ്ങളെ ഒഴിപ്പിക്കാൻ 12 കെ.എസ്.ആർ.ടി.സി ബസുകൾ

6. ഏകോപനത്തിന് ജലസേചനം, കെ.എസ്.ഇ.ബി, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ചുമതല

7. അടിയന്തര സാഹചര്യം നേരിടാൻ താലൂക്ക് ഇൻസിഡന്റ് കമാൻഡർമാർ

8. അപകടകരമായ വീടുകളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കും

9. ബോർഡുകൾ, ബാനറുകൾ എന്നിവയുടെ സുരക്ഷിതത്വം തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പാക്കണം

10. തടസരഹിതമായി വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി കൊല്ലം, കൊട്ടാരക്കര ഡെപ്യൂട്ടി ചീഫ് എൻജിനിയർമാർക്ക് ചുമതല
11. എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമുകൾ. ഡെപ്യൂട്ടി തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്ക് ചുമതല

12. അടിയന്തര സാഹചര്യം നേരിടാൻ പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ കൺട്രോൾ റൂമുകൾക്ക് നിർദ്ദേശം

13. മലയോര മേഖലയിലും ജലാശയങ്ങളിലും വിനോദ സഞ്ചാരത്തിന് നിരോധനം

ജനങ്ങൾക്കുള്ള നിർദേശം

1. പരമാവധി വീടിനുള്ളിൽ തന്നെ കഴിയണം

2. മണ്ണിടിച്ചിൽ മേഖലകളിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണം

3. ബീച്ചുകളിൽ ഇറങ്ങരുത്, കടലോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം

4. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിൽ വാഹനങ്ങൾ നിറുത്തിയിടരുത്

5. മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്
6. മിന്നലുള്ളപ്പോൾ പുറത്തിറങ്ങരുത്

7. ദുരന്തസാദ്ധ്യത പ്രദേശങ്ങളിലുള്ളവർ എമർജൻസി കി​റ്റ്, പ്രധാന രേഖകൾ എന്നിവ തയ്യാറാക്കി വയ്ക്കണം

ടോൾ ഫ്രീ നമ്പർ - 1077

ജില്ലാ കൺട്രോൾ റൂം - 0474 - 2794002, 2794004

വാട്സ് ആപ്പ് - 9447677800


താലൂക്ക് കൺട്രോൾ റൂമുകൾ

കരുനാഗപ്പള്ളി - 0476- 2620233

കുന്നത്തൂർ - 0476- 2830345

കൊല്ലം - 0474- 2742116

കൊട്ടാരക്കര - 0474- 2454623

പത്തനാപുരം - 0475- 2350090

പുനലൂർ - 0475- 2222605

അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. അടിയന്തര ഘട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് ബന്ധപ്പെടണം.

ജില്ലാ ഭരണകൂടം

Advertisement
Advertisement