കാലാവസ്ഥ വ്യതിയാനം: കെടുതികൾ ലഘൂകരിക്കണം- മുഖ്യമന്ത്രി

Tuesday 02 August 2022 2:00 AM IST

തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം വരുത്തിവയ്ക്കുന്ന കെടുതികൾ ശാസ്ത്രീയ സമീപനത്തിലൂടെയും വിശകലനത്തിലൂടെയും ലഘൂകരിച്ച് കൊണ്ടുവരേണ്ടത് പ്രധാന ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (ഐ.സി.സി.എസ്) സംഘടിപ്പിച്ച കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഒരേസമയം ദുഷ്‌കരവും വിപുലവുമായ വെല്ലുവിളികളാണ് കാലാവസ്ഥ വ്യതിയാനം ഉയർത്തുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവിലും പെയ്യുന്ന പാറ്റേണിലും വ്യത്യാസം കാണുന്നു. ഇതിന്റെ തിക്തഫലം കാർഷിക മേഖല ഉൾപ്പെടെ താറുമാറാക്കി സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നു.

കാലാവസ്ഥ മാറ്റങ്ങളെ ശാസ്ത്രീയമായ രീതിയിൽ മനസിലാക്കി അതിന്റെ കെടുതികൾ പരമാവധി ഒഴിവാക്കാനും ജീവനും ജീവിതോപാധികളും നാശോന്മുഖമാകാതിരിക്കാനുമുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫിഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി കെ.പി സുധീർ അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement