എന്തുകൊണ്ട് സർ നേരത്തെ ചാർജെടുത്തില്ല, ആദ്യ ദിനം തന്നെ അവധി നൽകി കുട്ടികളെ കൈയിലെടുത്ത് തിരുവനന്തപുരം കളക്ടർ

Tuesday 02 August 2022 9:21 AM IST

തിരുവനന്തപുരം: ' എന്തുകൊണ്ട് സർ നേരത്തെ ചാർജെടുത്തില്ല! തലൈവാ, അവധി നേരത്തെ പ്രഖ്യാപിച്ചതിന് നന്ദി'. പുതുതായി ചാർജെടുത്ത കളക്ടറുടെ 'കൃത്യമായ' അവധി പ്രഖ്യാപനത്തിൽ സോഷ്യൽ മീഡിയകളിൽ അഭിനന്ദനപ്രവാഹം. തലൈവനെന്നും കളക്ടർ ബ്രോയെന്നും വിളിച്ച് അഭിന്ദനമറിയിക്കുന്നവർ ഇനിയങ്ങോട്ട് തലസ്ഥാനത്ത് അവധിയുടെ ആറാട്ടാകട്ടെയെന്നും ആശംസിക്കുന്നു.

മുമ്പ് 'അവധി ' പ്രഖ്യാപനം അന്നേ ദിവസം രാവിലെ മാത്രമേ ഉണ്ടാകൂവെന്നും ഇനി ആ പേടിയില്ലെന്നും തുടങ്ങിയ കമന്റുകളാണ് കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിനുള്ളത്. ജെറോമിക് ജോർജ് ജില്ലാ കളക്ടറായി ചുമതലയേറ്റെടുത്ത ആദ്യദിനം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതാണ് പ്രധാന ഉത്തരവ്. കളക്ടറേറ്റിൽ ഇന്നലെ രാവിലെ ഒമ്പതോടെ നടന്ന ചടങ്ങിൽ മുൻ കളക്ടർ നവ്‌ജ്യോത് ഖോസയാണ് ചുമതല കൈമാറിയത്. ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായി ചുമതല നിർവഹിക്കുന്നതിനിടെ ആദ്യമായാണ് ഒരു ജില്ലയുടെ ചുമതല വഹിക്കുന്നത്.

2015ലാണ് സിവിൽ സർവീസിൽ പ്രവേശിക്കുന്നത്. കണ്ണൂർ അസിസ്റ്റന്റ് കളക്ടറായി പ്രവർത്തനമാരംഭിച്ച അദ്ദേഹം ഒറ്റപ്പാലം സബ്കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുറമുഖ റെഗുലേറ്ററി വകുപ്പ്, കായിക യുവജന കാര്യാലയം എന്നിവിടങ്ങളിലും പ്രവർത്തിച്ചു. കോട്ടയം സ്വദേശിയായ ജെറോമിക് ജോർജ് വിദ്യാഭ്യാസകാലഘട്ടം ചെലവഴിച്ചത് ഡൽഹിയിലായിരുന്നു. സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ പഠനം പൂർത്തിയാക്കി. ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി കോളേജിൽ തുടർപഠനം. സ്മൃതി ഇമ്മാനുവലാണ് ഭാര്യ. മൂന്ന് വയസുകാരിയായ മകളുണ്ട്.

രാവിലെ മുതൽ മീറ്റിംഗ്

ഇന്നലെ രാവിലെ മുതൽ ആരംഭിച്ച മീറ്റിംഗുകൾ രാത്രി വൈകിയും തുടർന്നു. മുഖ്യമന്ത്രിയുടെ മീറ്റിംഗ് മുതൽ ഇൻസ്റ്റന്റ് റെസ്‌പോൺസ് ടീമുകളുടേതടക്കം പത്തോളം മിറ്റിംഗുകളിൽ പങ്കെടുത്തു. തദ്ദേശ സ്ഥാപന പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും മീറ്റിംഗുകൾ നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

പ്രളയസാഹചര്യം മുന്നിൽക്കണ്ടുള്ള മുന്നൊരുക്കം

പ്രളയസാഹചര്യം മുന്നിൽക്കണ്ടുള്ള മുന്നൊരുക്കങ്ങളാണ് ആരംഭിച്ചതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് പറഞ്ഞു. ഡാമുകൾ തുറക്കുന്നത് രാവിലെ മാത്രമായിരിക്കും. തുറക്കുന്നതിന് മുമ്പ് മാദ്ധ്യമങ്ങളിൽ ഇടവിട്ടുള്ള മുന്നറിയിപ്പ് നിർദ്ദേശങ്ങൾ നൽകും.

മുൻ വർഷങ്ങളിൽ ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നപ്പോൾ ചില പ്രദേശങ്ങളിൽ വെള്ളംകയറിയത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജില്ലയിൽ സർക്കാരിന്റെ വികസന പദ്ധതികളെപ്പറ്റി പഠിച്ചശേഷം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement