ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും രണ്ട് തവണ ഏറ്റുമുട്ടാൻ സാദ്ധ്യത, മത്സരക്രമം പുറത്തുവിട്ട് ജയ് ഷാ

Tuesday 02 August 2022 7:20 PM IST

മുംബയ്: ഏഷ്യാ കപ്പ് ടി ട്വന്റി ക്രിക്കറ്റിന്റെ മത്സരക്രമം ഏഷ്യൻ ക്രിക്കറ്ര് കൗൺസിൽ തലവൻ കൂടിയായ ബി സി സി ഐ സെക്രട്ടറി ജയ് ഷാ പുറത്തു വിട്ടു. ഈ മാസം 27ന് യു എ ഇയിൽ ആരംഭിക്കുന്ന ടൂ‌ർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിട്ടുള്ളത്. മൊത്തം ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ ടൂർണമെന്റ് നടത്തുക.

ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളെ കൂടാതെ യോഗ്യത റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ടൂർണമെന്റിൽ പങ്കെടുക്കും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂർ, യുഎഇ ടീമുകളാണ് യോഗ്യതാ പോരാട്ടത്തിൽ മാറ്റുരക്കുന്ന ടീമുകൾ. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടുന്ന ബി ഗ്രൂപ്പിലാണ് യോഗ്യത റൗണ്ട് വിജയിച്ചെത്തുന്ന ടീം മത്സരിക്കുക. ഗ്രൂപ്പിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ സൂപ്പർ ഫോറിലേക്ക് കടക്കും. സൂപ്പർ ഫോറിൽ എത്തുന്ന ടീമുകൾ പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. ബി ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും പാകിസ്ഥാനും സൂപ്പർ ഫോറിൽ കടക്കാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ ഇരു ടീമുകളും കുറഞ്ഞത് രണ്ട് തവണയെങ്കിലും പരസ്പരം ഏറ്റുമുട്ടും.

27ന് ശ്രീലങ്ക - അഫ്ഗാനിസ്ഥാൻ പോരാട്ടത്തോടെ തുടക്കമാകുന്ന ടൂർണമെന്റിൽ 28നാണ് ഇന്ത്യ - പാക്കിസ്ഥാൻ പോരാട്ടം. ദുബായിയാണ് ഇന്ത്യ - പാക്കിസ്ഥാൻ പോരാട്ടത്തിന് വേദിയാവുക. 30ന് ബംഗ്ലാദേശ് - അഫ്ഗാനിസ്ഥാൻ മത്സരം നടക്കും. 31ന് ദുബായിൽ രണ്ടാം മത്സരത്തിൽ ഇന്ത്യ യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ടീമിനെ നേരിടും.

പ്രാഥമിക റൗണ്ടുകൾക്ക് ശേഷം സെപ്തംബർ മൂന്നിന് തുടങ്ങുന്ന സൂപ്പർ ഫോർ റൗണ്ടിൽ ആദ്യ മത്സരത്തിൽ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്താക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിൽ ഏറ്റുമുട്ടും. നാലിന് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും ഏറ്റുമുട്ടും. ആറിന് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും തമ്മിൽ മത്സരിക്കും. ഏഴിന് എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടം നടക്കും. എട്ടിന് എ ഗ്രൂപ്പിലെ ഒന്നാ സ്ഥാനക്കാരും ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മിൽ മത്സരിക്കും. ഒമ്പതിന് ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മിൽ മത്സരിക്കും.