സിവിൽസ്റ്റേഷനുള്ളിലെ കുടുംബശ്രീ ഹോട്ടൽ അടഞ്ഞുകിടന്നിട്ട് രണ്ടുമാസം തുറക്കുമോ കഫേശ്രീ?

Wednesday 03 August 2022 12:21 AM IST
സിവിൽ സ്റ്റേഷനുള്ളിൽ അടഞ്ഞുകിടക്കുന്ന കുടുംബശ്രീയുടെ ജനകീയഹോട്ടൽ.

കോഴിക്കോട്: വിശാലമായ സൗകര്യമുണ്ടായിട്ടും ആർക്കും ഗുണമില്ലാതെ രണ്ടുമാസമായി അടഞ്ഞുകിടക്കുകയാണ് സിവിൽ സ്റ്റേഷനിലെ കഫേശ്രീ കുടുംബശ്രീ കാന്റീൻ. ഇവിടെ നിന്നും മലിനജലം സമീപത്തുള്ള വീട്ടിലേക്ക് പോകുന്നു എന്ന് സമീപത്തെ വീട്ടുകാർ കളക്ടർക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയതിനെ തുടർന്നാണ് കളക്ടർ ഉത്തരവനുസരിച്ച് കാന്റീൻ അടച്ചിട്ടത്. പാത്രം കഴുകുന്ന വെള്ളത്താൽ ആഴമില്ലാത്ത ടാങ്ക് നിറഞ്ഞുകവിയുന്നതാണ് പ്രശ്നം.

കുടുംബശ്രീയുടെ നേതൃത്വത്തിൽ പട്ടികജാതിക്കാരായ പത്ത് വനിതകൾ ചേർന്ന് 2018 ആഗസ്റ്റ് 1നാണ് ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ വാടകയ്ക്ക് കാന്റീൻ പ്രവർത്തനം ആരംഭിച്ചത്. ജീവനക്കാർക്കും പൊതുജനങ്ങൾക്കും മിതമായ വിലയിൽ മായമില്ലാത്ത ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാന്റീൻ ആരംഭിച്ചത്. ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ ഒരു ഭാഗത്താണെങ്കിലും ഈ കെട്ടിടത്തിന് കോർപ്പറേഷനിൽ നിന്നും കഴിഞ്ഞ നാല് വർഷമായിട്ടും ലൈസൻസ് കിട്ടിയിട്ടില്ല.

സിവിൽ സ്റ്റേഷനിലെ ആയിരത്തിലധികം ജീവനക്കാർക്കും ജനങ്ങൾക്കും വലിയൊരാശ്വാസമായിരുന്നു ഈ കാന്റീൻ. മറ്റ് ചായക്കടകളുണ്ടെങ്കിലും നിലവിൽ ഉച്ചഭക്ഷണം കഴിക്കാൻ പുറത്തുപോകണം. പുറത്ത് ഈടാക്കുന്ന വിലയും കൂടുതലാണ്.

സമീപത്തെ വീട്ടുകാർക്ക് ബുദ്ധിമുട്ടാകുന്നു എന്നറിഞ്ഞ സമയം മുതൽ വെള്ളം മാറ്റുന്നതിനുള്ള കരാർ നൽകിയിരുന്നു. വെള്ളം നിറയുന്ന ദിവസങ്ങളിൽ തന്നെ അറിയിക്കുന്നതനുസരിച്ച് വെള്ളം മാറ്റിയിരുന്നു. 15000 രൂപയായിരുന്നു ഇതിന് നൽകേണ്ടത്. പണം അടച്ചശേഷം എൻജിനീയർമാർ സന്ദർശിച്ച് ടാങ്കിന് ആഴം കൂട്ടാൻ പറ്റില്ലെന്നറിയിച്ചിരുന്നു. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പോലുള്ള സൗകര്യങ്ങൾ ഒരുക്കിയാലെ പരിഹാരമാകൂ എന്നറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അതിനുള്ള ഫണ്ട് ശുചിത്വ മിഷൻ അനുവദിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ അതിനു ശേഷം യാതൊരു നടപടികളായില്ല.

ജീവനക്കാർക്ക് 25 രൂപ നിരക്കിലും പുറത്ത് നിന്നുള്ളവർക്ക് 40 രൂപ നിരക്കിലുമായിരുന്നു ഭക്ഷണം.

ഗ്യാസിനും സാധനങ്ങൾക്കും വില കൂടിയപ്പോൾ നാലുവർഷം മുമ്പ് അനുവദിച്ച ഈ നിരക്കിൽ ഭക്ഷണം നൽകാൻ പ്രയാസമായി. വെള്ളം മാറ്റുന്ന ചെലവിന് പുറമെ കറന്റ്, കെട്ടിട വാടക 12000, വെള്ളത്തിന് 1400 രൂപ, സഹായത്തിനെത്തുന്ന നാലുപേർക്കുള്ള ചെലവ് വേറെയും. ഇതിൽ നിന്ന് കിട്ടുന്ന വരുമാനത്താൽ ഒരുവിധം തള്ളിനിക്കുകയായിരുന്നു. ഇപ്പോൾ കാന്റീനിലെ ആവശ്യങ്ങൾക്കായി ലോണെടുത്ത തുകപോലും അടയ്ക്കാനാകാതെ ബുദ്ധിമുട്ടുകയാണ് ഈ 10 കുടുംബങ്ങളും.

# സീവേജ് പ്ലാന്റ് നിർമിക്കാമെന്ന് തീരുമാനമായെങ്കിലും നടപ്പിലാവാനും കാന്റീൻ തുറന്നുപ്രവർത്തിക്കാനും വേണ്ട രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകുന്നില്ല. ഈ പത്ത് കുടുംബങ്ങളും വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ കഴിയുന്നത്.

പി.എം ഗിരീശൻ,

ഡി.എം.സി, കുടുംബശ്രീ

# ഇതിനുള്ളിൽ തന്നെയുള്ള കെട്ടിടമായതിനാൽ വലിയ ആശ്വാസമായിരുന്നു. വിലക്കുറവ് മാത്രമല്ല, നല്ല ഭക്ഷണവും കിട്ടിയിരുന്നു. ഇപ്പോൾ പുറത്തുപോകേണ്ട അവസ്ഥയാണ്.

കേശവദാസ്,

ഇൻഷ്വറൻസ് ഏജന്റ്

# ഞങ്ങൾ പത്ത് കുടുംബങ്ങൾക്കും ഇതല്ലാതെ മറ്റ് വഴികളില്ല. തുറന്ന് കിട്ടാനായി സിവിൽ സ്റ്റേഷനിലും കോർപ്പറേഷനിലുമായി കയറിയിറങ്ങുകയാണ്.

സജീന,

നടത്തിപ്പുക്കാരി

Advertisement
Advertisement