പഞ്ചായത്ത് തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കണമെന്ന് മന്ത്രി മഴയെ നേരിടാൻ

Wednesday 03 August 2022 12:28 AM IST
rain

കോഴിക്കോട്: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള മുന്നൊരുക്കങ്ങളൊരുക്കാൻ ജീല്ലാ ഭരണകൂടത്തോട് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജില്ലാകളക്ടർ, പൊലീസ്, അഗ്‌നിശമനസേന, യുവജന വോളണ്ടിയർമാർ, യുവജന സംഘടനകൾ എന്നിവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനം ഒരുക്കണം.
ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി സംബന്ധമായ അപകടങ്ങൾ ഒഴിവാക്കുന്നതിനായി കെ.എസ്.ഇ.ബി അടിയന്തരമായി ടോൾഫ്രീ നമ്പർ സംവിധാനം ഏർപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു. വൈദുതി ലൈൻ പൊട്ടി ഉണ്ടാകുന്ന അപകടങ്ങൾ തടയാനും ജനങ്ങൾക്ക് കെ.എസ്.ഇ.ബിയെ നേരിട്ട് എത്രയുംവേഗം ബന്ധപ്പെടാനും ടോൾഫ്രീ നമ്പറുകൾ സഹായിക്കും.
പഞ്ചായത്ത് തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കണം. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെ എത്രയും വേഗം മാറ്റിപ്പാർപ്പിക്കാൻ സംവിധാനമൊരുക്കണമെന്നും മന്ത്രി പറഞ്ഞു . വളർത്തുമൃഗങ്ങളെ ഉൾപ്പെടെ മാറ്റി താമസിപ്പിക്കാൻ നടപടി സ്വീകരിക്കണം. ഇതിനായി ആവശ്യമെങ്കിൽ ഉദ്യോഗസ്ഥർക്കു പ്രത്യേക ചുമതലകൾ നൽകണം. നേരത്തെ പ്രളയം ബാധിച്ച പ്രദേശങ്ങളിൽ പ്രത്യേകം ഇടപെടലുകൾ നടത്തി അപകടസാഹചര്യമില്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു .
ക്യാമ്പുകൾ തുടങ്ങേണ്ട സാഹചര്യമുണ്ടെങ്കിൽ അവ എത്രയും വേഗം ആരംഭിക്കണമെന്ന് യോഗത്തിൽ ജില്ലാ കലക്ടർ തഹസിൽദാർമാർക്ക് നിർദേശം നൽകി. താമസസ്ഥലത്തു നിന്നും മാറാൻ തയ്യാറാകാത്തവരെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും ജില്ലാകളക്ടർ നിർദ്ദേശിച്ചു. ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികൾക്കും ആവശ്യമായ മുന്നറിയിപ്പ് നൽകണം. കോസ്റ്റ് ഗാർഡ് കോസ്റ്റൽ പോലീസ് വിഭാഗങ്ങൾ കടലിൽ പട്രോളിംഗ് നടത്തുന്നുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് കടലിൽ പോകാൻ ശ്രമിക്കുന്ന ബോട്ടുകൾ പിടിച്ചെടുക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

മലയോരമേഖലയിൽ ഉൾപ്പെടെ കെ.എസ്.ഇ.ബി മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അറിയിച്ചു. കെ.എസ്.ഇ.ബിയുടെ എല്ലാ സെക്‌ഷൻ ഓഫീസുകളും 24 മണിക്കൂർ പ്രവർത്തനനിരതമാണ്. ലൈൻ പൊട്ടുന്നത് ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ജില്ലയിൽ നിലവിൽ അണക്കെട്ടുകളുടെയും നദികളുടെയും ജലനിരപ്പ് സാധാരണ നിലയിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിലെ എം.എൽ.എമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ജില്ലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിതീവ്ര മഴ തുടരുന്നതിനാലുമാണ് അവധി പ്രഖ്യാപിച്ചത്‌.

Advertisement
Advertisement