തീവ്ര മഴയിൽ വിറങ്ങലിച്ച്...

Wednesday 03 August 2022 4:34 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പലഭാഗങ്ങളിലും മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിൽ ഉരുൾപൊട്ടിയും മലവെള്ളപ്പാച്ചിലിലും കനത്ത നാശനഷ്ടം. നദികൾ പലതും കരകവിഞ്ഞ് ഒഴുകുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെ തുറന്ന് രക്ഷാപ്രവ‌‌ർത്തനം ഊർജിതമാക്കിയിട്ടുണ്ട്.

പത്തനംതിട്ട

മലവെള്ളം ഒഴുകിയെത്തുന്ന പടിഞ്ഞാറൻ മേഖലകളിൽ മുൻകരുതലായി 25 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 426 പേരാണ് ഇവിടെയുള്ളത്. തിരുവല്ലയിൽ എൻ.ഡി.ആർ.എഫിന്റെ ഒരു ടീം എത്തി. മൂഴിയാർ ഡാമിന്റെ ഒന്ന്, രണ്ട്, മൂന്ന് ഷട്ടറുകളും മണിയാർ ഡാമിന്റെ ഒന്നു മുതൽ അഞ്ച് വരെ ഷട്ടറുകളും തുറന്നു. അള്ളുങ്കൽ, കാരികയം സ്വകാര്യ ഡാമുകളുടെ ഷട്ടറുകളും തുറന്നു.

കോട്ടയം

കിഴക്കൻവെള്ളം മീനച്ചിലാറ്റിലേക്ക് ഒഴുകിയെത്തിയതോടെ പടിഞ്ഞാറൻമേഖല വെള്ളപ്പൊക്ക ഭീതിയിൽ. കുമരകം അടക്കം താഴ്ന്ന പ്രദേശങ്ങളും പാലാ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. കഴിഞ്ഞ ദിവസം വേമ്പനാട്ടുകായലിൽ മത്സ്യബന്ധനത്തിനിടെ കാണാതായ രണ്ട് തൊഴിലാളികളെ സുരക്ഷിതരായി രാത്രിയോടെ കരയിൽ തിരിച്ചെത്തിച്ചു.

പാലക്കാട്

നെല്ലിയാമ്പതി ചുരം പാതയിൽ ചെറുനെല്ലിക്ക് സമീപത്തായി രണ്ടിടത്തും ലില്ലി എസ്റ്റേറ്റ് മേഖലയിലും ഉരുൾപൊട്ടി. ചുരം പാതയിൽ ഭിത്തി തകർന്ന് 100 മീറ്ററോളം ഒലിച്ചുപോയി. വലിയ വാഹനങ്ങൾക്ക് പാതയിലൂടെ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. കാരപ്പാറപ്പുഴയിൽ വെള്ളം കൂടിയതിനെ തുടർന്ന് ലില്ലി ഭാഗം ഒറ്റപ്പെട്ടു. ലില്ലി എസ്റ്റേറ്റിൽ ഉരുൾപൊട്ടലിൽ തേയില, കാപ്പിച്ചെടികൾ ഒലിച്ചുപോയി. പോത്തുണ്ടി അണക്കെട്ട് തുറന്നു. പറമ്പിക്കുളം, നെല്ലിയാമ്പതി ഭാഗങ്ങളിലേക്കുള്ള വിനോദ യാത്ര നിയന്ത്രിച്ചതായി കളക്ടർ അറിയിച്ചു. അട്ടപ്പാടി മേഖലയിലേക്ക് ഭാരവാഹനങ്ങളുടെ രാത്രിയാത്ര നിരോധിച്ചു.

തൃശൂർ

2018ലെ പ്രളയം ഗുരുതരമായി ബാധിച്ച ചാലക്കുടിയിൽ രണ്ടുദിവസമായി പെയ്ത അതിതീവ്രമഴയിൽ പുഴ കരകവിയാറായതോടെ രക്ഷാപ്രവർത്തനങ്ങൾക്ക് മത്സ്യത്തൊഴിലാളികളുടെ 3 ബോട്ടുകളിൽ 12 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. ജനങ്ങളെ മാറ്റിപാർപ്പിച്ചു തുടങ്ങി.

ജില്ലയിൽ ഏഴ് വീടുകൾ തകർന്നു. മണലി, കുറുമാലി, കരുവന്നൂർ പുഴകളുടെ തീരങ്ങളിലുള്ളവരെയും ഒഴിപ്പിച്ചു തുടങ്ങി. ഒല്ലൂർ എടക്കുന്നിയിൽ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടുപോയ എട്ടുപേരെ രക്ഷപ്പെടുത്തി.

ആലപ്പുഴ

ജില്ലയിൽ ഇന്നലെ 11 വീടുകൾ ഭാഗികമായി തകർന്നു. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 17 കുടുംബങ്ങളിലെ 63 പേരെ മാറ്റി പാർപ്പിച്ചു. ചെങ്ങന്നൂർ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ പത്തു തൊഴിലാളികളെ മറൈൻ എൻഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി.

ഇടുക്കി

ഇടുക്കി, പീരുമേട് താലൂക്കുകളിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 47 കുടുംബങ്ങളിലെ 127 പേരെ മാറ്റിപ്പാർപ്പിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ ഒരു സംഘം കട്ടപ്പനയിൽ ക്യാമ്പ് ചെയ്യുന്നു. ജില്ലയിൽ വിനോദസഞ്ചാരം താത്കാലികമായി നിരോധിച്ചു. അഞ്ച് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുണ്ടള അണക്കെട്ട് ഇന്നലെ തുറന്നു. പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, മലങ്കര ഡാമുകൾ തുറന്നിരിക്കുകയാണ്. ഇടുക്കി ‌ഡാമിൽ ഒന്നരയടി കൂടി ജലനിരപ്പ് ഉയർന്നാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും.

കൊച്ചി

ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിൽ മുങ്ങി. വെള്ളക്കെട്ടിനെ തുടർന്ന് കോടനാട് ആനക്കൊട്ടിലിന് സമീപത്തെ റിസോർട്ടിൽ കുടുങ്ങിയ വിദേശ പൗരന്മാർ അടക്കമുള്ള ഏഴു വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. 11 ദുരിതാശ്വാസ ക്യാമ്പുകളിലായി 319 പേരെ മാറ്റിപ്പാർപ്പിച്ചു. ദേശീയ ദുരന്ത നിവാരണസേനയുടെ 25അംഗ സംഘം എത്തിയിട്ടുണ്ട്. മലങ്കര ഡാമിലെ ഷട്ടറുകൾ ഉയർത്തിയതോടെ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നു.

കൊല്ലം

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 14 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നു. അച്ചൻകോവിലാർ, കല്ലടയാർ, അഷ്ടമുടി കായൽ, ഇത്തിക്കരയാർ അടക്കമുള്ള ജില്ലയിലെ ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നു.

Advertisement
Advertisement