ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ മന്ത്രി ജി.ആർ.അനിലിന് അതൃപ്തി

Wednesday 03 August 2022 12:00 AM IST

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിൽ മന്ത്രി ജി.ആർ.അനിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചതായി സൂചന.

തന്നോട് ആലോചിക്കാതെ, തന്റെ വകുപ്പിലെ കോർപറേഷനിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ നിയമിച്ചതിലാണ് അതൃപ്തിയെന്നു സി.പി.ഐ കേന്ദ്രങ്ങൾ വ്യക്തമാക്കി. ഉദ്യോഗസ്ഥനെ മാറ്റണമെന്നു മന്ത്രി ആവശ്യപ്പെട്ടില്ല.

തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കളക്ടർ സ്ഥാനത്തു നിന്ന് ശ്രീറാമിനെ മാറ്റി യത്. വാഹനാപകടക്കേസ് പ്രതിയായ ശ്രീറാമിനെ എക്സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ അധികാരമുള്ള കളക്ടറായി നിയമിച്ചതിൽ വ്യാപകമായ എതിർപ്പ് ഉയർന്നിരുന്നു. സപ്ലൈകോ ജനറൽ മാനേജരുടെ തസ്തിക ജോയിന്റ് സെക്രട്ടറിയുടെതിനു തുല്യമാക്കിയാണു നിയമിച്ചത്.

സി.പി.ഐ വകുപ്പുകളിൽ അവർ അറിയാതെ നിയമനങ്ങൾ നടക്കുന്നതായും മന്ത്രിസഭായോഗത്തിൽ പോലും പലപ്പോഴും ചർച്ച ചെയ്യാറില്ലെന്നും മന്ത്രിമാർക്കു പരാതി ഉണ്ട്.
എന്നാൽ, കഴിഞ്ഞ മന്ത്രിസഭയിലേതു പോലെ എതിർപ്പ് അറിയിക്കാൻ പുത്തൻ തലമുറ സി.പി.ഐ മന്ത്രിമാർക്കു കഴിയാറില്ലെന്നു പാർട്ടിയിൽ തന്നെ ആരോപണം ഉണ്ട്. എൽ.ഡി.എഫ് സർക്കാരിനെ പിണറായി സർക്കാർ എന്നു വിശേഷിപ്പിക്കുന്നതിനെയും സി.പി.എമ്മിന്റെ നിഴലാവുന്നതിനെയും സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശിച്ചിരുന്നു