എയ്ഡഡ് പ്ളസ് ടു: സമുദായ ക്വാട്ട റദ്ദാക്കിയതിനെതിരെ എൻ.എസ്.എസിന്റെ അപ്പീൽ

Wednesday 03 August 2022 12:00 AM IST

കൊച്ചി: പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടാത്ത എയ്‌ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ സമുദായം വ്യക്തമാക്കിയവയിലെ പ്ളസ് വൺ പ്രവേശനത്തിന് പത്തു ശതമാനം സമുദായക്വാട്ട റദ്ദാക്കിയ സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരെ എൻ.എസ്.എസ് ഹൈക്കോടതി ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകി.

സമുദായം വ്യക്തമാക്കിയ ഇത്തരം സ്കൂളുകളിലെ പത്തു ശതമാനം സീറ്റിൽ സ്വന്തം സമുദായത്തിലെ കുട്ടികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി ജൂലായ് 27 നാണ് സിംഗിൾബെഞ്ച് റദ്ദാക്കിയത്. ഈ പത്തു ശതമാനം സീറ്റിൽ കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെ ഓപ്പൺ മെറിറ്റിൽ പ്രവേശനം നടത്താനും പറഞ്ഞിരുന്നു.ഇതിനെതിരെ എൻ.എസ്.എസ് നൽകിയ അപ്പീൽ ഇന്നലെ ജസ്റ്റിസ് പി.ബി സുരേഷ്‌കുമാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചു. ഹർജിക്കാരുടെ സ്കൂളുകളിലെ പത്തു ശതമാനം സമുദായ ക്വാട്ടയിലേക്ക് ഓപ്പൺ മെറിറ്റിൽ അലോട്ട്‌മെന്റ് നടത്തില്ലെന്ന് സർക്കാർ അഭിഭാഷകൻ ഉറപ്പു നൽകി. ഇതു രേഖപ്പെടുത്തി അപ്പീൽ നാളെ പരിഗണിക്കാൻ മാറ്റി. മുന്നാക്ക സമുദായങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് വിധി പറഞ്ഞതെന്നും, ഇവരെ ഹർജിയിൽ കക്ഷി ചേർത്തിരുന്നില്ലെന്നും എൻ.എസ്.എസിന്റെ അപ്പീലിൽ പറയുന്നു.

Advertisement
Advertisement