ഇൻഫോപാർക്ക് പരിസരംഅണിഞ്ഞൊരുങ്ങും

Wednesday 03 August 2022 12:47 AM IST

കൊച്ചി: ഇൻഫോപാർക്ക് രണ്ടാംഘട്ട വികസനത്തിനൊപ്പം പരിസരവും പൊതുറോഡുകളും നടപ്പാതകളും കടമ്പ്രയാർ തീരവും സൗന്ദര്യവത്കരിക്കും. അന്താരാഷ്ട്ര നിലവാരത്തിൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പൊതു ഇടങ്ങളും മനോഹരമാക്കാൻ ഇൻഫോപാർക്ക് അധികൃതർ നേരിട്ട് രംഗത്തിറങ്ങുന്നത്.

ഐ.ടി.പാർക്കുകൾ പരിസ്ഥിതിസൗഹൃദവും ശുചിത്വവും ദൃശ്യഭംഗിയുള്ളതുമാകണമെന്നാണ് പൊതുനയം. പാർക്കിന് പുറത്തെ മികച്ച പൊതുറോഡുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉന്നതനിലവാരം പുലർത്തുന്നതാകണം.

സീപോർട്ട് -എയർപോർട്ട് റോഡിൽ നിന്ന് നാലുവരി എക്സ്‌പ്രസ് ഹൈവേ ഇൻഫോപാർക്ക് നേരിട്ട് നിർമ്മിച്ചിട്ടുണ്ട്. കാക്കനാട്ട് നിന്ന് കുസുമഗിരി വഴി ഇടച്ചിറ, ബ്രഹ്മപുരം റോഡ് പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്. റോഡിന്റെ ഇരുവശവും നടപ്പാതയും മീഡിയനുമുൾപ്പെടെ നവീകരിച്ച് ആകർഷകമാക്കാനാണ് പദ്ധതി. ചെലവ് ഇൻഫോപാർക്ക് വഹിക്കും.

പൊതുമരാമത്ത് വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും അനുമതിയോടെയാണ് റോഡ് സൗന്ദര്യവത്കരിക്കുന്നതെന്ന് ഇൻഫോപാർക്ക് അധികൃതർ പറഞ്ഞു. നടപ്പാതയും മീഡിയനും സൗന്ദര്യവത്കരിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. പൈപ്പ്ലൈൻ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായാൽ നിർമ്മാണം ആരംഭിക്കും. റോഡിന്റെ വശങ്ങളിൽ നടപ്പാത നിർമ്മിച്ചും ചെടികളും മരങ്ങളും നട്ട് ആകർഷകമാക്കും.

കടമ്പ്രയാർ തീരം സംരക്ഷിക്കും

കടമ്പ്രയാറിന്റെ തീരത്താണ് ഇൻഫോപാർക്ക് രണ്ടാംഘട്ടം. പുഴയുടെ തീരം തനിമ സംരക്ഷിച്ച് നിലനിറുത്തും. ചെടികളും മരങ്ങളും നട്ട് പരിപാലിച്ച് ആകർഷകമാക്കും. ടെക്കികൾക്കും സന്ദർശകർക്കും തീരത്ത് വിശ്രമിക്കാനും വിനോദത്തിനും സൗകര്യങ്ങൾ ഒരുക്കും. തീരത്തെ ഒരു ഭാഗത്ത് ചെടികൾ നട്ടും ലാൻഡ്സ്‌കേപിംഗ് നടത്തിയും ആകർഷണം വരുത്തിയിട്ടുണ്ട്.

നാലുവരിപ്പാത

ഇടച്ചിറ ബ്രഹ്മപുരം റോഡിൽ നിന്ന് ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിലേയ്ക്കുള്ള റോഡും വികസിപ്പിച്ച് സൗന്ദര്യവത്കരിക്കും. നിലവിൽ ഇടുങ്ങിയ റോഡാണുള്ളത്. ഇരുവശത്തും സ്ഥലമേറ്റെടത്ത് നാലുവരി റോഡ് നിർമ്മിക്കും. സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ കളക്ടറേറ്റിൽ തുടരുകയാണ്. നടപ്പാതയും ചെടികളുമുൾപ്പെടെ തയ്യാറാക്കിയാണ് റോഡ് വികസിപ്പിക്കുക.

രണ്ടാംഘട്ടം 100 ഏക്കർ

കാക്കനാട് ഇടച്ചിറയിൽ തൃക്കാക്കര നഗരസഭയിൽ സ്ഥിതി ചെയ്യുന്ന ഇൻഫോപാർക്കിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇൻഫോപാർക്കിൽ കെട്ടിടസ്ഥലം ആവശ്യപ്പെട്ട് അന്വേഷണങ്ങൾ പെരുകിയതോടെയാണ് രണ്ടാംഘട്ടം വികസിപ്പിക്കുന്നത്. വടവുകോട് പുത്തൻകുരിശ്, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളിലെ നൂറേക്കർ സ്ഥലത്താണ് രണ്ടാംഘട്ടം. ഇൻഫോപാർക്ക് നേരിട്ട് നിർമ്മിച്ച ജ്യോതിർമയിക്ക് പുറമെ സ്വകാര്യ കെട്ടിടങ്ങളിലും കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.

"പുറത്തു നിന്നെത്തുന്ന ഐ.ടി പ്രൊഫഷണലുകളും ഉന്നത ഉദ്യോഗസ്ഥരും ആകർഷകമായ പരിസരമാണ് പ്രതീക്ഷിക്കുന്നത്. അവ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പുറത്തെ സൗന്ദര്യവത്കരണവും പാർക്ക് ഏറ്റെടുക്കുന്നത്."

ജോൺ എം. തോമസ്

സി.ഇ.ഒ.

കേരള ഐ.ടി പാർക്ക്സ്

Advertisement
Advertisement