ദൃശ്യം 3യിലെങ്കിലും ജോർജ് കുട്ടിയെ കുടുക്കുമോ? ആശ ശരത്ത് നൽകിയ മറുപടി; ലാലേട്ടനെക്കുറിച്ച് ഒറ്റവാക്കിൽ പറയാനുള്ളത് ഇതാണ്

Wednesday 03 August 2022 1:38 PM IST

മലയാളികളുടെ പ്രിയ താരമാണ് ആശ ശരത്ത്. നർത്തകി കൂടിയായ താരം തന്റെ സിനിമാ വിശേഷങ്ങളും കാലാപഠന ആപ്പിനെക്കുറിച്ചും കൗമുദി മൂവീസിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

'കല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് സാമ്പത്തിക പ്രതിസന്ധികൾ അലട്ടാതെ പഠിക്കാൻ പറ്റണം. പണമില്ലെന്ന് കരുതി ആരും മാറി നിൽക്കരുത്. കല കുറച്ചുകൂടി ജനകീയമാക്കിക്കൂടെ എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെയൊരു ആപ്പ് ചെയ്യണമെന്ന തോന്നലുണ്ടായത്.'- ആശ ശരത്ത് പറഞ്ഞു.

സ്‌പൈസസ് പ്രൊഡക്ഷൻ കമ്പനിയുടെ (എസ്.പി.സി) പ്രാണ ഇൻസൈറ്റ് എഡ്യൂക്കേഷനുമായി സഹകരിച്ച് നിർമ്മിച്ച 'പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്റർ' ആപ്പിലൂടെ 21 കലകൾ പഠിക്കാൻ കഴിയും. പ്രതിമാസം 80 രൂപയാണ് ഫീസ്, വർഷം 1000 രൂപയുമാണ് ഫീസ്.


സിനിമയെക്കുറിച്ചും ആശ ശരത്ത് വെളിപ്പെടുത്തി. 'സപ്പോർട്ടിംഗ് കഥാപാത്രം, വില്ലൻ കഥാപാത്രം, നായിക കഥാപാത്രമെന്നൊന്നും കാറ്റഗറി തിരിക്കാറില്ല. ഞാൻ കൂടുതൽ ചെയ്തിട്ടുള്ളത് നായിക കഥാപാത്രങ്ങളായിരിക്കാം. വില്ലൻ റോളുകളും ഒരുപാട് ചെയ്യാറുണ്ട്. എന്നെ സംബന്ധിച്ച് റോളുകൾ എന്താണെന്നത് പ്രാധാന്യമില്ല. ഞാൻ ചെയ്യുന്ന കഥാപാത്രത്തിന് സിനിമയിൽ എത്ര പ്രാധാന്യമുണ്ടെന്നാണ് നോക്കാറ്. ഞാൻ എപ്പോഴും ചൂസിയായിരുന്നു. അതുകൊണ്ട് എന്റെ സിനിമകളുടെ എണ്ണം കുറവായിരിക്കും.


ചെയ്ത എല്ലാ കഥാപാത്രങ്ങളും പ്രിയപ്പെട്ടതാണ്. ലാലേട്ടന്റെ കൂടെ അഞ്ച് സിനിമകൾ ചെയ്തിട്ടുണ്ട്. വളരെ നല്ല സൗഹൃദമാണ്. മഹാനടനാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ ഒട്ടോമാറ്റിക്കലി ഉണ്ടാകുന്ന എനർജി ഡിഫ്രണ്ടാണ്. വലിയ സന്തോഷമാണ്.'- ആശ ശരത്ത് പറഞ്ഞു. ഐ ജി ഗീത പ്രഭാകർ അടുത്ത തവണയെങ്കിലും ജോർജ് കുട്ടിയെ പിടിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് അത് ജിത്തു സാറിനോട് ചോദിച്ചു നോക്കണമെന്ന് താരം ചിരിച്ചുകൊണ്ട് മറുപടി നൽകി.