'പ്രിയ കുട്ടികളേ, അവധിയെന്ന് കരുതി വെള‌ളത്തിൽ ചാടാനോ ചൂണ്ടയിടാനോ പോകല്ലേ'; ആദ്യ ഉത്തരവ് തന്നെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നൽകി ആലപ്പുഴ ജില്ലാ കളക്‌ടർ

Wednesday 03 August 2022 8:36 PM IST

ആലപ്പുഴ: മഴതുടങ്ങിയാൽ അവധിയില്ലേ എന്ന് ചോദിച്ച് സ്‌കൂൾകുട്ടികൾ കളക്‌ടർമാരുടെ സമൂഹമാദ്ധ്യമങ്ങളിലെ പേജുകളിൽ ചോദ്യവുമായെത്തുന്നത് ഇപ്പോൾ പതിവാണ്. കനത്ത മഴയെത്തുടർന്ന് ആലപ്പുഴയിലും കോട്ടയത്തും ഇടുക്കിയിലും നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിൽ കളക്‌ടറായി ചുമതലേറ്റ വി.ആർ കൃഷ്‌ണ തേജ തന്റെ ആദ്യ ഉത്തരവ് തന്നെ പ്രിയപ്പെട്ട കുട്ടികളുടെ സുരക്ഷയ്‌ക്കായാണ് നൽകിയത്.

'നാളെ നിങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന്കരുതി വെള‌ളത്തിൽ ചാടാനോ ചൂണ്ടയിടാനോ പോകല്ലേ എല്ലാവരും വീട്ടിൽ തന്നെയിരിക്കണം' എന്ന സ്‌നേഹപൂർണമായ ഉപദേശമാണ് കളക്‌ടർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ കുട്ടികൾക്ക് തരുന്നത്.

ആലപ്പുഴ ജില്ലാ കളക്‌ടറുടെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം ചുവടെ:

പ്രിയ കുട്ടികളെ,
ഞാൻ ആലപ്പുഴ ജില്ലയിൽ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ.
എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്.
നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്ന് കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയിൽ നല്ല മഴയാണ്. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം. അച്ഛൻ അമ്മമാർ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകർച്ചാവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.
കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങൾ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ...
സ്നേഹത്തോടെ

ജില്ലാ കളക്‌ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിൽ കോൺഗ്രസ് അടക്കം നിരവധി സംഘടനകൾ ശക്തമായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് വി.ആർ കൃഷ്‌ണ തേജ ആലപ്പുഴ ജില്ലാ കളക്‌ടറായി നിയമിതനായത്. ഇന്നാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏ‌റ്റെടുത്തത്.

Advertisement
Advertisement