'വെള്ളത്തിലിറങ്ങല്ലേ, ചൂണ്ടയിടല്ലേ...'ആലപ്പുഴ കളക്ടറുടെ അറിയിപ്പ് വൈറൽ

Thursday 04 August 2022 12:44 AM IST

ആലപ്പുഴ: ആലപ്പുഴ കളക്ടറായി ചുമതലയേറ്റ വി.ആർ. കൃഷ്ണതേജയുടെ അവധി അറിയിപ്പിന് പത്ത് മിനുട്ടിനുള്ളിൽ അയ്യായിരത്തോളം ലൈക്ക്. റെഡ് അലർട്ട് പിൻവലിച്ചതിനാൽ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി ഉണ്ടാവുമോ എന്ന 'കൺഫ്യൂഷനി'ലായിരുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി അവധി ഉത്തരവിറക്കിയ ശേഷം ഫേസ്ബുക്ക് പേജിൽ കളക്ടർ എഴുതിയ ഹൃദ്യമായ കുറിപ്പാണ് വൈറലായത്. കളക്ടറുടെ ആദ്യ ഉത്തരവാണിത്.

കുറിപ്പിന്റെ പൂർണരൂപം

പ്രിയ കുട്ടികളെ,

ഞാൻ ആലപ്പുഴ ജില്ലയിൽ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ.എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്ക് വേണ്ടിയാണ്.
നാളെ നിങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നല്ല മഴയാണ്. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം. അച്ഛനും അമ്മയുമൊക്കെ ജോലിക്ക് പോയെന്ന് കരുതി പുറത്തേക്ക് പോകരുത്. പകർച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങൾ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ...'

Advertisement
Advertisement