'കളക്ടറെന്താ ഉറങ്ങിപ്പോയോ?'; വിദ്യാർത്ഥികൾ സ്കൂളിലെത്തിയ ശേഷം അവധി പ്രഖ്യാപിച്ചതിന് കളക്ടർ രേണു രാജിനെതിരെ മാതാപിതാക്കൾ

Thursday 04 August 2022 9:44 AM IST

കൊച്ചി: കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയതിന് കളക്ടർ രേണു രാജിനെതിരെ രക്ഷിതാക്കൾ. സ്കൂളിലേയ്ക്ക് പോകാനായി വിദ്യാർത്ഥികളെല്ലാം വീട്ടിൽ നിന്നിറങ്ങിയ ശേഷം 8.25നാണ് അവധി പ്രഖ്യാപിച്ചത്. 'കളക്ടറെന്താ ഉറങ്ങിപ്പോയോ?', ‘ഇൻഎഫിഷ്യന്റ് കലക്ടർ’, ‘ഇന്ന് ഈ പേജിൽ കുത്തിയിരുന്നു മടുത്താണു സ്കൂളിൽ വിട്ടത്’ തുടങ്ങിയ നിരവധി കമന്റുകളാണ് രേണു രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രക്ഷിതാക്കൾ നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മഴ കുറഞ്ഞതിനെ തുടർന്ന് ജില്ലയുടെ കിഴക്കൻ മേഖലയ്ക്ക് മാത്രമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇന്നു നേരം വെളുക്കും മുമ്പേ ജില്ലയിൽ മഴ കനത്തതോടെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായി വിദ്യാർത്ഥികളും മാതാപിതാക്കളും. ഒടുവിൽ അവധി ഇല്ലെന്നു കണ്ടതോടെ വിദ്യാർത്ഥികളെ മാതാപിതാക്കൾ സ്കൂളിലേയ്ക്കയച്ചു. അതുകൊണ്ടു തന്നെ അവധി പ്രഖ്യാപിച്ചെങ്കിലും അതിന്റെ യാതൊരു ഗുണവും വിദ്യാർത്ഥികൾക്ക് ലഭിച്ചില്ലെന്നതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. മിക്ക സ്കൂളുകളും കളക്ടറുടെ പ്രഖ്യാപനം അവഗണിച്ച് ക്ലാസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പ്രവർത്തനം തുടങ്ങിയ സ്കൂളുകളൊന്നും അടയ്ക്കണ്ടെന്നും കളക്ടർ അറിയിച്ചു. അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് കുട്ടികളെ വിളിക്കാൻ സ്കൂളിലെത്തിയ മാതാപിതാക്കൾ വീണ്ടും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.