ഇത്തവണത്തെ ഓണം ബമ്പർ കോടീശ്വരൻ ആക്കുന്നത് ഒന്നാം സമ്മാനക്കാരനെ മാത്രമല്ല, നാലുപേർക്ക് അതിനുള്ള അവസരമുണ്ട്: ടിക്കറ്റ് വിറ്റഴിയുന്നത് ചൂടപ്പം പോലെ

Thursday 04 August 2022 10:52 AM IST

കൊച്ചി: വില കൂടിയിട്ടും പെരുമമങ്ങാതെ ഓണം ബമ്പറിന്റെ വില്പന. 25 കോടി രൂപ ഒന്നാംസമ്മാനമുള്ള ടിക്കറ്റിന് വില 500 രൂപയാണ്. വിപണിയിലെത്തി രണ്ടാഴ്‌ചയ്ക്കിടെ 13 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ജൂലായ് 18നാണ് വില്പനയാരംഭിച്ചത്.

ആദ്യ മൂന്നുസ്ഥാനക്കാരും കോടീശ്വരന്മാ‌രാകുമെന്നതാണ് ഇത്തവണത്തെ തിരുവോണം ബമ്പറിന്റെ പ്രത്യേകത. മഴക്കാലത്ത് വില്പന കുറയുന്ന പതിവ് ഇക്കുറി ബമ്പർ തെറ്റിച്ചു. മഴ കനത്തിട്ടും വില്പന തളർന്നില്ല. തട്ടിപ്പാണെന്നും സമ്മാനംകിട്ടില്ലെന്നും ഉൾപ്പെടെ ബമ്പറിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്ന ദുഷ്പ്രചാരണങ്ങളും ഏശിയില്ല.

ബമ്പറിന്റെ രണ്ടാംസമ്മാനം 5 കോടിരൂപയാണ്. മൂന്നാംസമ്മാനം ഒരുകോടി വീതം 10 പേർക്കും നാലാംസമ്മാനം ഒരുലക്ഷം വീതം 90 പേർക്കും. സമാശ്വാസ സമ്മാനം 5 ലക്ഷംവീതം 9 പേർക്ക്. മൊത്തം 126 കോടി രൂപയുടേതാണ് സമ്മാനങ്ങൾ. ഒന്നാംസമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് 2.50 കോടിരൂപ കമ്മിഷൻ ലഭിക്കും.

നറുക്കെടുപ്പ് സെപ്‌തംബർ 18ന്

ആകെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് പദ്ധതി. ജില്ലാ ഓഫീസുകളിൽ നിന്നുള്ള ഡിമാൻഡ് അനുസരിച്ചാകും അച്ചടി. കഴിഞ്ഞവർഷം അച്ചടിച്ച 54 ലക്ഷം ഓണം ബമ്പറും വിറ്റഴിഞ്ഞിരുന്നു. ഫോട്ടോസ്റ്റാറ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾക്ക് തടയിടാൻ കറൻസിയുടെ സുരക്ഷയും ഫ്ലൂറസെന്റ് കളറും ഇക്കുറി ടിക്കറ്റിനുണ്ട്. സെപ്തംബർ 18നാണ് നറുക്കെടുപ്പ്.

Advertisement
Advertisement