അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് അവധി പ്രഖ്യാപിച്ചത്; ഫേസ്ബുക്ക് പേജിലെ വിമർശനങ്ങൾക്കിടെ വിശദീകരണവുമായി കളക്ടർ രേണു രാജ്‌

Thursday 04 August 2022 11:24 AM IST

കൊച്ചി: രാത്രിയിൽ ആരംഭിച്ച മഴ നിലയ്ക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതെന്ന് എറണാകുളം ജില്ലാ കളക്ടർ രേണു രാജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം.

രാവിലെ എട്ടരയോടെയാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇതിനുമുൻപേ മിക്ക കുട്ടികളും വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ടിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് കളക്ടർ വിശദീകരണവുമായി എത്തിയിരിക്കുന്നത്. അതേസമയം, ഇതിനോടകം പ്രവർത്തനമാരംഭിച്ച സ്‌കൂളുകൾ അടയ്‌ക്കേണ്ടതില്ലെന്നും, വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടെന്നും രേണു രാജ് അറിയിച്ചു.


'വല്ലാത്തൊരു അവധി പ്രഖ്യാപനം ആയി പോയി', '50 കുട്ടികൾ ഉള്ള ക്ലാസിൽ അഞ്ച് കുട്ടികൾ നിലവിൽ വന്നിട്ടുണ്ടെങ്കിൽ അവരെ വച്ച് ക്ലാസ് നടത്തണം എന്നാണോ മേഡം പറയുന്നത്', 'പിള്ളേരെ വിളിക്കാൻ വീണ്ടും മഴ നനഞ്ഞ് സ്‌കൂളിൽ വന്നു നിൽക്കുന്ന ഞാൻ ആരായി? ഒന്നു പറഞ്ഞേ.....' തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.