മരണത്തെ നേരിൽ കണ്ട യുവതിയുടെ ജീവൻ രക്ഷിച്ചത് 2,800 രൂപയുടെ പ്യൂമ ചെരുപ്പ്; വൈറലായി 36കാരിയുടെ അനുഭവകഥ

Thursday 04 August 2022 12:51 PM IST

ബ്രാന്റഡ് സാധനങ്ങളോട് പ്രിയമുള്ളവർ ഏറെയാണ്. വില കൂടുതലാണെങ്കിലും ആഢംബരത്തിനുപരി വളരെ കാലം ഉപയോഗിക്കാം എന്നതാണ് പലരെയും ബ്രാന്റഡ് വസ്തുക്കളിലേയ്ക്ക് ആകർഷിക്കുന്നത്. ബ്രാന്റഡ് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ മലയാളികളും ഒട്ടും പിന്നിലല്ല. എന്നാൽ ഒരു ബ്രാന്റഡ് ചെരുപ്പ് യുവതിയുടെ ജീവൻ രക്ഷിച്ച കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 36കാരിയായ കെറി ടാറ്റർസ്ലിയാണ് മരണത്തെ നേരിൽ കണ്ട നിമിഷത്തെ പറ്റിയും, ജീവൻ തിരിച്ചുകിട്ടാൻ തന്നെ കാരണം തന്റെ ചെരുപ്പാണെന്നും സമൂഹമാദ്ധ്യത്തിൽ കുറിച്ചത്.

2,800 രൂപയുടെ പ്യൂമ ബ്ലാക്ക് സ്ലൈ‌ഡർ ധരിച്ചുകൊണ്ട് വീട്ടുമുറ്റത്തെ കൃത്രിമ പുല്ല് വൃത്തിയാക്കുകയായിരുന്നു കെറി. അതിനിടെ വാക്വം ക്ലീനറിൽ നിന്ന് ഷോക്കേറ്റു. ശക്തമായി വൈദ്യുതാഘാതമേറ്റ കെറി സമീപത്തെ മതിലിലേയ്ക്ക് തെറിച്ചുവീണു. തുടർന്ന് കെറിക്ക് അതിശക്തമായ വേദനയും വിറയലും ശ്വാസതടസവും അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായിരുന്നു. ശക്തമായ വൈദ്യുതാഘാതമേറ്റിട്ടുണ്ടെന്നും കാലിൽ റബ്ബർ ചെരുപ്പ് ധരിച്ചിരുന്നതിനാലാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും ഡോക്ടർമാർ പറഞ്ഞു. ആരോഗ്യം പൂർണമായി വീണ്ടെടുത്തെന്നും തന്റെ ജീവിതത്തിലുണ്ടായ അനുഭവം എല്ലാവരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി കുറിച്ചു.