പറഞ്ഞവാക്ക് നടത്തിയേ സുരേഷ് ഗോപിക്ക് ശീലമുള്ളൂ, ഇത്തവണ അത് രാധികയിലൂടെയാണെന്ന് മാത്രം

Thursday 04 August 2022 1:30 PM IST

തിരുവനന്തപുരം: ഒരു വാക്ക് കൂടി പാലിച്ച് സുരേഷ് ഗോപി. അടുത്തിടെ ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന എന്ന കുട്ടിക്ക് 'ഇൻസുലിൻ പമ്പ്' എന്ന ഉപകരണം വാങ്ങി നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. അത് അദ്ദേഹം നിറവേറ്റി. ആറുലക്ഷം രൂപ വിലവരുന്ന ഇൻസുലിൻ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്കു കൈമാറി.

ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ എത്തിയാണ് സുരേഷ് ഗോപി താൻ നന്ദനയ‌്ക്ക് നൽകിയ വാക്ക് നിറവേറ്റിയത്. ഇന്ത്യയിൽ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയിൽനിന്നാണ് വരുത്തിച്ചത്. ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തിൽ ബുധനാഴ്ച തന്നെ ഈ ഉപകരണം കുട്ടിയുടെ ശരീരത്തിൽ ഘടിപ്പിച്ചു. ഓട്ടോമാറ്റഡ് ഇൻസുലിൻ ഡെലിവറി സിസ്റ്റം എന്നാണ് ഉപകരണത്തിന്റെ പേര്.

കൽപ്പറ്റയിൽ ഓട്ടോഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകളാണ് നന്ദന. ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരും. ഇൻസുലിൻ പമ്പ് എന്ന ഉപകരണം ശരീരത്തിൽ പിടിപ്പിച്ചാൽ ഈ പ്രശ്‌നത്തിനു പരിഹാരം കാണാമെന്ന് അറിഞ്ഞ സുരേഷ് ഗോപി നന്ദനയ‌്ക്ക് സഹായവുമായി എത്തുകയായിരുന്നു.