പ്രിയപ്പെട്ട കുട്ടികളെ, അച്ഛനമ്മമാരുടെ ബാഗിൽ കുടയും മഴക്കോട്ടും ഉണ്ടെന്ന് ഉറപ്പ് വരുത്തണേ; വ്യത്യസ്ഥ രീതിയിൽ വീണ്ടും അവധി പ്രഖ്യാപനം നടത്തി ആലപ്പുഴ കളക്ടർ

Thursday 04 August 2022 6:41 PM IST

മഴയെ തുടർന്ന് വിദ്യാലയങ്ങൾക്കുള്ള അവധി പ്രഖ്യാപനം ഇന്നലെ വ്യത്യസ്ഥമായ രീതിയിൽ നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ ആലപ്പുഴ ജില്ല കളക്ടർ ഇന്നും തന്റെ പതിവ് ആവർത്തിച്ചിരിക്കുകയാണ്. കുട്ടികളോട് സംവദിക്കുന്ന രീതിയിൽ സമൂഹമാദ്ധ്യമത്തിലൂടെ അവധി പ്രഖ്യാപനം നടത്തിയ കളക്ടർ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവർക്ക് കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കണമെന്നും അവരുടെ ബാഗിൽ കുടയും മഴക്കോട്ടും ഉണ്ടെന്ന് ഉറപ്പാക്കണമെന്നും കുട്ടികളോട് ആവശ്യപ്പെടുന്നു.

ആലപ്പുഴയിൽ കളക്‌ടറായി ചുമതലേറ്റ വി.ആർ കൃഷ്‌ണ തേജ ഇന്നലത്തെ തന്റെ ആദ്യ ഉത്തരവ് തന്നെ പ്രിയപ്പെട്ട കുട്ടികളുടെ സുരക്ഷയ്‌ക്കായാണ് നൽകിയത്. 'നാളെ നിങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന്കരുതി വെള‌ളത്തിൽ ചാടാനോ ചൂണ്ടയിടാനോ പോകല്ലേ എല്ലാവരും വീട്ടിൽ തന്നെയിരിക്കണം' എന്ന സ്‌നേഹപൂർണമായ ഉപദേശമാണ് കളക്‌ടർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ കുട്ടികൾക്ക് നൽകിയത്. സമാന രീതിയിൽ തന്നെയായിരുന്നു കളക്ടറുടെ ഇന്നത്തെ ഉപദേശവും.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

പ്രിയപ്പെട്ട കുട്ടികളെ,
നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ...
മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ... പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. 😘
ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം.
ഒരുപാട് സ്‌നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട
കളക്ടര്‍ മാമന്‍