ഡോ. കെ. ലളിത നിര്യാതയായി

Friday 05 August 2022 12:09 AM IST
ഡോ.കെ.ലളിത

തിരുവനന്തപുരം: ഒരു ലക്ഷത്തോളം അമ്മമാരുടെ പ്രസവമെടുത്ത് തലമുറകളുടെ ഡോക്‌ടറായ പ്രശസ്‌ത ഗൈനക്കോളജിസ്റ്റ് ഡോ. കെ. ലളിത (85) നിര്യാതയായി. ഇന്നലെ പുലർച്ചെ 5.48ന് പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. വയലാർ രാമവർമ്മ സ്‌മാരക ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയും ഖാദി ബോർഡ് സെക്രട്ടറിയുമായിരുന്ന മെഡിക്കൽ കോളേജ് നവരംഗം നോർത്ത്-52 'ഭാനുമതി'യിൽ പരേതനായ സി.വി. ത്രിവിക്രമന്റെ ഭാര്യയാണ്. പട്ടം എസ്.യു.ടി ആശുപത്രിയിൽ പ്രിൻസിപ്പൽ കൺസൾട്ടന്റായിരുന്നു.

കരളിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 1954ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാലാം ബാച്ചിൽ എം.ബി.ബി.എസിനു ചേർന്ന ലളിത നാലാം റാങ്കോടെയാണ് പാസായത്. പ്രസവചികിത്സാരംഗത്ത് ഗൈനക്കോളജിസ്റ്റുകൾ കുറവായിരുന്ന കാലത്താണ് ഗൈനക്കോളജിയിൽ ബിരുദാനന്തരബിരുദം നേടുന്നത്. ആദ്യം സംസ്ഥാന ഹെൽത്ത് സർവീസിലായിരുന്നു. 1964ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയത്. ഗൈനക്കോളജി വിഭാഗം മേധാവിയായും എസ്.എ.ടി സുപ്രണ്ടായും സേവനമനുഷ്‌ഠിച്ച് 1992ൽ വിരമിച്ചു. ഡോ. എം.വി. പിള്ള, ഡോ. ഹരിദാസ്, ഡോ. ഭരത്ചന്ദ്രൻ അടക്കമുള്ള പ്രമുഖർ ശിഷ്യന്മാരാണ്. മഹാകവി കുമാരനാശാന്റെ ഭാര്യ ഭാനുമതിയമ്മ ആശാന്റെ മരണശേഷം പുനർവിവാഹിതയായിരുന്നു. ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ കാർത്തികപ്പള്ളി സ്വദേശി സി.ഒ. കേശവനുമായുള്ള ആ വിവാഹത്തിലൂടെ പിറന്ന നാലുമക്കളിൽ മൂത്തമകളാണ് ഡോ. ലളിത. മക്കൾ: ലക്ഷ്‌മി മനു കുമാരൻ (റിട്ട. ജനറൽ മാനേജർ റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് മംഗളൂരു), നടി മാല പാർവതി. മരുമക്കൾ: മനു എസ്. കുമാരൻ, അഡ്വ. ബി. സതീശൻ (റിട്ട.സി ഡിറ്റ് ലാ ഓഫീസർ). മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിനുശേഷം ഇന്നലെ വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്‌കരിച്ചു.