സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റിവച്ചു, പുതുക്കിയ തീയതി ആഗസ്റ്റ് 12 മുതൽ

Friday 05 August 2022 12:36 AM IST

ന്യൂഡൽഹി: കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (സി.യു.ഇ.ടി യു.ജി) കനത്ത മഴയെ തുടർന്ന് കേരളത്തിൽ മാറ്റിവച്ചതിന് പിന്നാലെ ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) രാജ്യത്തുടനീളം നടത്തിയ രണ്ടാം ഷിഫ്റ്റ് പരീക്ഷ സാങ്കേതിക തകരാറുകൾ കാരണം റദ്ദാക്കി. പരീക്ഷയുടെ ആദ്യദിനത്തിൽ ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് തുടങ്ങേണ്ട പരീക്ഷയാണ് സാങ്കേതിക പ്രശ്‌നങ്ങൾ കാരണം തടസപ്പെട്ടത്. രണ്ടുമണിക്കൂറോളം വൈകി അഞ്ചുമണിക്ക് മാത്രമാണ് ചോദ്യപേപ്പർ അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞതെന്ന് എൻ.ടി.എ അറിയിച്ചു.

ന്യൂഡൽഹി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ ഉൾപ്പെടയുള്ള 17 സംസ്ഥാനങ്ങളിലെ 259 സെന്ററുകളിലാണ് പരീക്ഷ തടസപ്പെട്ടത്. രാജ്യത്തിന് പുറത്തുള്ള ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ തടസപ്പെട്ടിട്ടുണ്ട്.രണ്ടാം ഷിഫ്റ്റിൽ സമയം അനുവദിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ആഗസ്റ്റ് 12നും 14 നും ഇടയിൽ പുതിയ സമയവും തീയതിയും അനുവദിക്കും. ഈ തീയതികൾ അനുയോജ്യമല്ലെങ്കിൽ അപേക്ഷകർക്ക് മറ്റൊരു തീയതിക്ക് വേണ്ടി datechange@nta.ac.in എന്ന ഇമെയിലിൽ ബന്ധപ്പെടാം. വിശദവിവരങ്ങൾക്ക്: www.nta.ac.in, cuet.samarth.ac.in. കേരളത്തിൽ പരീക്ഷ നടത്തുന്ന പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് എൻ.ടി.എ അറിയിച്ചു.