മലമ്പുഴ ഡാം നാളെ തുറന്നേക്കും,​ കൽപ്പാത്തി പുഴ,​ ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

Thursday 04 August 2022 10:35 PM IST

പാലക്കാട് : വൃഷ്ട‌ി പ്രദേശങ്ങളിൽ കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മലമ്പുഴ ഡാം നാളെ തുറന്നേക്കും. ജലനിരപ്പ് റൂൾ കർവ് ലെവലിൽ എത്തിയാൽ നാളെ രാവിലെ ഒൻപതിന് സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ലം പുറത്തേക്ക് ഒഴുക്കാൻ സാദ്ധ്യതയുണ്ടെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.

റൂള്‍ കര്‍വ് ലെവല്‍ 112.99 മീറ്ററാണ്. ഡാമിലെ ജലനിരപ്പ് നിലവിൽ 112.06 മീറ്ററാണ് . വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ജലനിരപ്പ് റൂള്‍ കര്‍വ് ലെവല്‍ എത്താൻ സാദ്ധ്യതയുണ്ട്. ഈ ലെവലില്‍ എത്തുന്ന മുറയ്ക്ക് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി സ്പില്‍വേ ഷട്ടറുകള്‍ നാളെ രാവിലെ ഒന്‍പത് മണിക്ക് തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കളക്ടറുടെ മുന്നറിയിപ്പിൽ പറയുന്നു. മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ, എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവരും മീന്‍ പിടിത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു.

Advertisement
Advertisement